മദ്ധ്യനിരയിൽ ഹർമ്മൻ പ്രീത് കൗറിന്റെ അത്യദ്ധ്വാനം പാഴായിപ്പോയി ; ടീം ഇന്ത്യ ന്യുസിലന്റിനോട് വൻ തോൽവി ഏറ്റുവാങ്ങി

മദ്ധ്യനിരയിൽ നായിക മിഥാലിരാജും ഹർമ്മൻപ്രീത് കൗറും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിന് തുടർച്ചയില്ലാതെ പോയ മത്സരത്തിൽ ഇന്ത്യ ന്യൂസിലന്റിനോട് തോൽവി ഏറ്റുവാങ്ങി. വനിതാ ലോകകപ്പിലെ രണ്ടാം മത്സരത്തിൽ 62 റൺസിന്റെ തോൽവിയാണ് ഇന്ത്യയ്ക്ക് സംഭവിച്ചത്.

ഹർമ്മൻപ്രീത് കൗർ മദ്ധ്യനിരയിൽ നടത്തിയ അത്യദ്ധ്വാനത്തിന് വാലറ്റത്ത് തുടർച്ച കിട്ടാതെ പോയതോടെ ഇന്ത്യൻ സ്‌കോർ 200 പോലും കടന്നില്ല. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുത്തപ്പോൾ ഇന്ത്യയുടെ ചേസിംഗ് 198 ൽ അവസാനിച്ചു.

ഹർമ്മൻപ്രീത് 71 റൺസാണ് ടേിയത്. 63 പന്തുകളിൽ നിന്നുമായിരുന്നു അർദ്ധശതകം. ആറ് ബൗണ്ടറികളും രണ്ടു സ്ിക്‌സറുകളും താരം പറത്തി. നായിക മിഥാലി രാജ് 31 റൺസിനും പുറത്തായി. 56 പന്തുകളിൽ ഒരു ബൗണ്ടറി മാത്രമാണ് മിഥാലിയ്ക്ക് കുറിക്കാനായത്.

ഓപ്പണർ സ്മൃതി മന്ദന ആറ് റൺസിനും ദീപ്തിശർമ്മ അഞ്ചു റൺസിനും പുറത്തായപ്പോൾ യാസ്തികാ ഭാട്ടിയ 28 റൺസ് എടുത്തു. മറ്റ് ഇന്ത്യൻ താരങ്ങൾക്കൊന്നും കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. കിവീസ് ബൗളർമാരായ അമേലിയ കെറും ലീ താഹുഹുവും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റിനായി അമേലി കെർ ഓൾറൗണ്ട് പ്രകടനമാണ് നടത്തിയത്. ആദ്യം അർദ്ധശതകം നേടിയ അവർ മൂന്ന് വിക്കറ്റും വീഴ്ത്തി. 64 പന്തിൽ 50 റൺസാണ് കുറിച്ചത്. അഞ്ചു ബൗണ്ടറികൾ പറത്തി. ആമിഷാറ്റർത്ത് വെയ്റ്റ് 75 റൺസടിച്ചു. 84 പന്തുകളിലായിരുന്നു സ്‌കോർ. ഒമ്പത് ബൗണ്ടറികൾ പറത്തി.

ഓപ്പണർ കൂടിയായ കിവീസ് ക്യാപ്റ്റൻ സോഫി ഡിവൈൻ 35 റൺസ് നേടി. വാലറ്റത്ത് മാഡി ഗ്രീൻ 27 റൺസും വിക്കറ്റ് കീപ്പർ കാത്തി മാർട്ടിൻ 41 റൺസും എടുത്തതോടെ കിവീസിന് പൊരുതാവുന്ന സ്‌കോറിലേക്ക് കാര്യങ്ങൾ എത്തി. ഇന്ത്യയൂടെ വെറ്ററൻ താരം ഝുലൻ ഗോസ്വാമി മത്സരത്തിൽ കാത്തിയുടെ വിക്കറ്റ് വീഴ്ത്തി ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരി എന്ന ലോകറെക്കോഡിനൊപ്പമായി. താരത്തിന് 39 വിക്കറ്റുകളായി കഴിഞ്ഞു.