'കോഹ്ലിയ്ക്ക് 'ആ ചതി' ചെയ്യാമായിരുന്നു, അദ്ദേഹം ആധുനിക ക്രിസ്തു'

പാകിസ്ഥാനെതിരെ കോഹ്ലിയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത് സ്വന്തം ബാറ്റാണ്. ബാറ്റില്‍ കൊള്ളാത്ത പന്ത് വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് പിടിച്ചെങ്കിലും ബാറ്റിന്റെ പിടി ഇളകിയ ശബ്ദം കേട്ട് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു. ഇതോടെ പന്ത് ബാറ്റില്‍ കൊണ്ടെന്ന് വിചാരിച്ച് കോഹ്ലി പവലിയനിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ പിന്നീട് റീപ്ലേകളില്‍ കോഹ്ലിയുടെ ബാറ്റില്‍ പന്ത് കൊണ്ടിരുന്നില്ലെന്ന് വ്യക്തമായി. അള്‍ട്രാ എഡ്ജിലും കോഹ്ലിയുടെ ബാറ്റില്‍ പന്ത് തട്ടിയില്ലെന്ന് വ്യക്തമായിരുന്നു.

ഇതു കണ്ടതോടെ കോഹ്ലി ബാറ്റെടുത്ത് ഹാന്‍ഡിലില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ടായിരുന്നു. പിന്നീട്, സ്വന്തം ബാറ്റാണ് കോലിയുടെ വിക്കറ്റിന് കാരണമായതെന്ന് വ്യക്തമായി. ബാറ്റിന്റെ പിടി ഇളകിയതിനാല്‍ കേട്ട ശബ്ദം തെറ്റിദ്ധരിച്ചതായിരുന്നു താരം. പക്ഷേ, കളിക്കളത്തിലെ മാന്യതയുടെ മുഖമായി ഇന്ത്യന്‍ നായകന്റെ പ്രവൃത്തി മാറി.

ഇപ്പോള്‍ ആ പെരുമാറ്റത്തെ വാനോളം പ്രശംസ കൊണ്ട് മൂടുകയാണ് മുന്‍ ഇംഗ്ലണ്ട് താരമായ ഗ്രെയിം സ്വാന്‍. ഇന്ത്യയുടെ നായകന്‍ സത്യസന്ധതയുടെ പ്രതിരൂപമാണെന്നും ആധുനിക കാലത്തെ ക്രിസ്തുവാണെന്നുമെല്ലാമാണ് സ്വാന്‍ വിശേഷിപ്പിക്കുന്നത്.

“പുറത്തായെന്ന് മനസിലായ ശേഷവും തിരിച്ച് നടക്കാത്തവരെ തനിക്ക് വെറുപ്പാണ്. അങ്ങനെയുള്ളവരോട് ചിലപ്പോള്‍ വാഗ്വാദങ്ങളും നടത്താറുണ്ട്. അമ്പയര്‍മാരുടെ ജോലി അല്ലേ, അവര്‍ പറയട്ടെ എന്നാകും അവരുടെ വാദം. പക്ഷേ അത് ചതിയാണ്. ഒരാള്‍ അയാളെ തന്നെ ചതിക്കുന്നതിന് തുല്യമാണ് അങ്ങനെ ക്രീസില്‍ തുടരുന്നത്. ബാറ്റില്‍ കൊണ്ടില്ലെങ്കിലും ശബ്ദം കേട്ടതോടെ വിരാട് തിരിഞ്ഞ് നടന്നു. അത് അദ്ദേഹം അത്രയും സത്യസന്ധനായത് കൊണ്ടാണ്. സത്യം പറയാമെല്ലോ, ആധുനിക കാലത്തെ ക്രിസ്തുവാണ് വിരാട്- സ്വാന്‍ പറഞ്ഞു.