കോഹ്‌ലി ഒരേ അബദ്ധം ആവര്‍ത്തിക്കുന്നു; വിമര്‍ശിച്ച് ഗൗതം ഗംഭീര്‍

സ്പിന്നര്‍മാര്‍ക്ക് എതിരെ വിരാട് കോഹ്‌ലി ഒരേ അബദ്ധം വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.  സ്പിന്നര്‍മാരെ നേരിടുമ്പോഴുള്ള കോഹ്‌ലിയുടെ ഏറ്റവും വലിയ പ്രശ്നം ബാറ്റും പാഡും ഒരേ ലൈനില്‍ വരുന്നുവെന്നതാണെന്ന് ഗംഭീര്‍ പറഞ്ഞു. കോഹ്‌ലിയ്ക്ക് മാത്രമല്ല പല ഇന്ത്യന്‍ താരങ്ങള്‍ക്കും ഈ പ്രശ്‌നമുണ്ടെന്ന് ഗംഭീര്‍ ചൂണ്ടിക്കാണ്ടി.

‘സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം പാഡിനു മുന്നിലായിരിക്കണം ബാറ്റ് വരേണ്ടത് എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരിടത്തു മാത്രമേ എഡ്ജാവുകയുള്ളൂ. ആദ്യദിനം ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തായ രീതി നോക്കൂ. ഇന്‍സൈഡ് എഡ്ജായാണ് അദ്ദേഹം വിക്കറ്റ് നഷ്ടപ്പെടുത്തിയത്.’

‘വിരാട് കോഹ്‌ലിയുടെ കാര്യമെടുത്താല്‍ ഔട്ട് സൈഡ് എഡ്ജില്‍ അദ്ദേഹം ബീറ്റ് ചെയ്യപ്പെടുകയായിരുന്നു. അതുകൊണ്ടു തന്നെ ബാറ്റ് നിങ്ങളുടെ പാഡിനു മുന്നില്‍ തന്നെ വരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്’ ഗംഭീര്‍ പറഞ്ഞു.

തന്റെ നൂറാം ടെസ്റ്റില്‍ രണ്ട് വര്‍ഷത്തെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇറങ്ങിയ വിരാട് കോഹ്ലിയെ ശരിക്കും ഞെട്ടിക്കുന്നതായിരുന്നു ആ ഡെലിവറി. ലസിത് എംബുല്‍ഡെനിയയില്‍ നിന്ന് വന്ന ഫുള്ളര്‍ ഡെലിവറി പ്രതിരോധിക്കാന്‍ കോഹ്ലി ശ്രമിച്ചെങ്കിലും പന്ത് ഓഫ് സ്റ്റംപ് ഇളക്കി. 45 റണ്‍സുമായി കോഹ്ലി പുറത്ത്.