ആ കാലം തിരിച്ചു വന്നിരുന്നെങ്കില്‍?, യുവിയ്ക്ക് ദാദയുടെ കണ്ണു നിറയിക്കുന്ന യാത്രയയപ്പ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച യുവരാജിന് ഹൃദ്യമായ യാത്രയപ്പ് നല്‍കി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ട്വിറ്ററിലൂടെയാണ് ഗാംഗുലി യുവരാജിന് ഹൃദയത്തില്‍ തൊടുന്ന യാത്രയപ്പ് നല്‍കിയത്. ഗാംഗുലിയുടെ ആശംസയ്ക്ക് ഉടനെ മറുപടിയുമായി യുവരാജും രംഗത്തു വന്നു.

ക്രിക്കറ്റ് ലോകത്തെ ‘ഗാംഗുലിയുടെ’ കാലത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോകന്നുത് പോലെയായി ഇരുവരുടേയും സംഭാഷണങ്ങള്‍.

‘പ്രിയപ്പെട്ട യുവി, എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അന്ത്യമുണ്ട്. ഇതൊരു മനോഹരമായ സംഗതിയായിരുന്നുവെന്ന് ഞാന്‍ നിന്നോട് പറയട്ടെ. പ്രിയപ്പെട്ടവനേ, നീയെനിക്ക് എന്റെ സഹോദരനെ പോലെയായിരുന്നു. ഇപ്പോള്‍ (കരിയര്‍) അവസാനിച്ചപ്പോള്‍ അതിലേറെ പ്രിയപ്പെട്ടവനായി. ഈ രാജ്യം മുഴുവന്‍ നിന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു. ഒരുപാട് ഇഷ്ടം. വളരെ മികച്ച കരിയര്‍’- ഇങ്ങിനെയായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

ഏറെ വൈകാതെ യുവിയുടെ മറുപടിയുമെത്തി. ‘ഇന്ത്യക്കു വേണ്ടി കളിക്കാനും എന്റെ സ്വപ്നങ്ങളില്‍ ജീവിക്കാനും അവസരം നല്‍കിയതിന് നന്ദി ദാദ. നിങ്ങള്‍ എപ്പോഴും എനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും.’- യുവിയുടെ മറുപടി ആരാധകരെ വര്‍ഷങ്ങളോളം പിറകിലേക്ക് കൊണ്ടു പോയി. ട്വീറ്റിനു താഴെ പഴയ ഓര്‍മ്മകള്‍ പങ്കു വെച്ച ആരാധകര്‍ ഇരുവരെയും വല്ലാതെ മിസ്സ് ചെയ്യുന്നു എന്നും അറിയിക്കുന്നു.

സൗരവ് ഗാംഗുലി ഇന്ത്യന്‍ നായകനായിരുന്നപ്പോഴാണ് യുവരാജ് ഇന്ത്യക്കായി അരങ്ങേറുന്നത്. യുവി പടിയിറങ്ങിയതോടെ 2003 ലോക കപ്പ് ഫൈനലില്‍ ഇന്ത്യക്കായി കളിച്ച താരങ്ങളില്‍ ഒരേയൊരാള്‍ കൂടിയാണ് ഇനി വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ ബാക്കിയുള്ളത്.

നേരത്തെ വിരമിക്കല്‍ വേളയില്‍ ഗാംഗുലിയ്ക്ക് നന്ദി പറഞ്ഞ് യുവരാജ് രംഗത്തെത്തിയിരുന്നു. ”സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഞാന്‍ തുടങ്ങിയത്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പം കളിച്ചു, രാഹുല്‍ ദ്രാവിഡ്, വിവിഎസ് ലക്ഷ്മണ്‍, ജവഗല്‍ ശ്രീനാഥ് എന്നിങ്ങനെ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ സാധിച്ചു. എംഎസ് ധോണിക്ക് കീഴില്‍ 2011ല്‍ ലോക കപ്പ് നേടാനും കഴിഞ്ഞു. സെലക്ടര്‍മാര്‍ക്കും ഗാംഗുലിക്കും നന്ദി പറയുന്നു”- യുവരാജ് അവസാനിപ്പിച്ചത് ഇപ്രകാരമാണ്.