ഗാംഗുലിയാണ് ഐ.പി.എലിലേക്ക് വിളിച്ചത്, തുറന്ന് പറഞ്ഞ് റമീസ് രാജ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫൈനലിൽ പങ്കെടുക്കാൻ തന്നെ രണ്ട് തവണ ക്ഷണിച്ചിരുന്നെങ്കിലും ആരാധകരുടെ പ്രതികരണം മോശമാകുമെന്ന് കണക്കിലെടുത്താണ് അതിലേക്ക് പോകാൻ മടിച്ചതെന്ന് പറയുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും മുൻ താരവുമായ റമീസ് റാജ

“കഴിഞ്ഞ വർഷം ഐപിഎൽ ഫൈനലിൽ പങ്കെടുക്കാൻ ഗാംഗുലി എന്നെ രണ്ടുതവണ ക്ഷണിച്ചു. അദ്ദേഹം ക്ഷണിച്ചതിൽ ഒരു കുറ്റവും ഇല്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളാണ് പോകുന്നതിൽ നിന്ന് എന്നെ തടഞ്ഞത്” റമീസ് രാജ പറഞ്ഞു.

പാകിസ്ഥാൻ താരങ്ങളെല്ലാം ഇന്ത്യയിൽ വന്നുകളിക്കാൻ ആഗ്രഹിച്ചിരിക്കുക ആണെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഗാംഗുലിയോട് സംസാരിച്ചിരുന്നു. “ഇതിനെക്കുറിച്ച് ഞാൻ സൗരവിനോട് (ഗാംഗുലി) സംസാരിച്ചിട്ടുണ്ട്, നിലവിൽ മൂന്ന് മുൻ ക്രിക്കറ്റ് താരങ്ങളാണ് അവരുടെ ക്രിക്കറ്റ് ബോർഡുകളുടെ തലപ്പത്തുള്ളതെന്നും അവർക്ക് ഒരു മാറ്റമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ആർക്കാണ് അത് ചെയ്യാൻ കഴിയുകയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു,” രാജ പറഞ്ഞു.

ഐ‌സി‌സിയുടെ അടുത്ത എഫ്‌ടി‌പി കലണ്ടറിൽ ഐ.പി.എൽ പരമ്പരകൾക്കുള്ള സമയം രണ്ടരമാസം ആകിയതിന് എതിരേ മറ്റ് ബോർഡുകളുമായി ചർച്ച നടത്തണമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പി‌സി‌ബി) ആഗ്രഹിക്കുന്നു, കാരണം ഇത് വിവിധ അന്താരാഷ്ട്ര പരമ്പരകളെ പ്രതികൂലമായി ബാധിക്കുമെന്ന് അവർ കരുതുന്നു.

2024 മുതൽ 2031 വരെയുള്ള ഐ‌സി‌സിയുടെ അടുത്ത എഫ്‌ടിപി സൈക്കിളിൽ ഐ‌പി‌എല്ലിനായി ഇന്ത്യൻ ബോർഡിന് “രണ്ടര മാസത്തെ സമയം” ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പിടിഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ബോർഡിന്റെ പ്രതികരണം.

“ജൂലൈയിൽ ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് ഐസിസി ബോർഡ് മീറ്റിംഗ് നടക്കുക, ഈ വിഷയം അവിടെ ചർച്ച ചെയ്തേക്കും,” പിസിബി വൃത്തങ്ങൾ പറഞ്ഞു.

ക്രിക്കറ്റിലേക്ക് പണം വരുന്നത് കണ്ട് പിസിബി സന്തുഷ്ടരാണെങ്കിലും, എല്ലാ വർഷവും ഐപിഎല്ലിലേക്ക് മികച്ച അന്താരാഷ്ട്ര കളിക്കാരെ ബുക്കുചെയ്യാനുള്ള ബിസിസിഐയുടെ പദ്ധതി അന്താരാഷ്ട്ര ഉഭയകക്ഷി പരമ്പരകളെ പ്രതികൂലമായി ബാധിക്കുമെന്ന് പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.