ബുംറയോട് ഇടയാന്‍ കെല്‍പ്പുള്ളത് ഒരാള്‍ക്ക് മാത്രമെന്ന് ഗംഭീര്‍

സമകാലിക ക്രിക്കറ്റിലെ അപകടകാരിയായ പേസ് ബൗളറാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ മിന്നിയ ബുംറ മികച്ച ഫോമിലാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ പ്രതിനിധീകരിക്കുന്ന ബുംറയോട് ഇടയാന്‍ കെല്‍പ്പുള്ളത് ഒരാള്‍ക്ക് മാത്രമാണെന്ന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമില്‍ എ.ബി. ഡിവില്ലിയേഴ്‌സിനെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും പോലുള്ള കളിക്കാരുണ്ട്. അത് വിരാടിന് സുരക്ഷിതത്വം നല്‍കുന്നു. മാക്‌സ്‌വെല്ലിനെ മാറ്റിനിര്‍ത്തിയാലും എബിഡി വലിയൊരു മുന്‍തൂക്കമാണ് ആര്‍സിബിക്ക് നല്‍കുന്നത്. കാരണം ബുംറയെ നേരിടാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെങ്കില്‍ അത് ഡിവില്ലിയേഴ്‌സിന് മാത്രമാണ്. ബുംറയെ സ്ഥിരതയോടെ ആക്രമിക്കുന്ന മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല-ഗംഭീര്‍ പറഞ്ഞു.

കന്നിക്കിരീടത്തിന് യത്‌നിക്കുന്ന കോഹ്ലിയും ഡിവില്ലിയേഴ്‌സും സമ്മര്‍ദ്ദത്തിലായിരിക്കും. തീര്‍ച്ചയായും അവര്‍ എതിരാളികള്‍ക്കുമേല്‍ ആധിപത്യം പുലര്‍ത്താന്‍ താല്‍പര്യപ്പടും. പ്രത്യേകിച്ച് ഐപിഎല്ലില്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമിന് അഞ്ചോ ആറോ മികച്ച ബൗളര്‍മാരെ ലഭിക്കും. എന്നാല്‍ ഐപിഎല്ലില്‍ അതു സാധ്യമല്ല. അന്താരാഷ്ട്ര നിലവാരമുള്ള രണ്ടോമൂന്നു ബോളര്‍മാര്‍ മാത്രമേ ഒരു ടീമില്‍ കാണുകയുള്ളൂ. അവശേഷിക്കുന്നവര്‍ ആഭ്യന്തര ബോളര്‍മാരായിരിക്കും. അവരുടെ മേല്‍ എതിര്‍ ബാറ്റ്‌സ്മാന്‍മാര്‍ ആധിപത്യം നേടും. ആര്‍സിബി നേരിടുന്ന പ്രശ്‌നം അതാണ്. അതിനാല്‍ത്തന്നെ വിരാടും എബിഡിയും സമ്മര്‍ദ്ദത്തിലായിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷവും ആര്‍സിബി ഐപിഎല്‍ കിരീടം നേടാത്തതിന് ഒരു കാരണം അതാവാം. ജയിക്കാതിരിക്കുമ്പോള്‍ സമ്മര്‍ദ്ദം ഉയര്‍ന്നുകൊണ്ടിരിക്കും-ഗംഭീര്‍ പറഞ്ഞു.