നിറഞ്ഞാടി ത്രിപാഠിയും അയ്യരും; മുംബൈയെ മുക്കി കൊല്‍ക്കത്ത

ഐപിഎല്ലില്‍ നഷ്ടപ്പെടാന്‍ ഒന്നില്ലാത്തവരുടെ കൂട്ടത്തിലായിരുന്നു മുന്‍ ചാമ്പ്യന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അതുകൊണ്ടുതന്നെ അവര്‍ ചങ്കുറപ്പോടെ കളിക്കുന്നു. പോയിന്റ് ടേബിളിലെ മുന്‍നിരക്കാരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഞെട്ടിച്ച് രണ്ടാം ഘട്ട പോരാട്ടം തുടങ്ങിയ നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ഷോക്ക് നല്‍കിയത് നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന്. അബുദാബിയില്‍ നടന്ന അങ്കത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 6ന് 155 എന്ന സ്‌കോര്‍ മുന്നില്‍വച്ചു. ചേസ് ചെയ്ത കൊല്‍ക്കത്ത 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്ത് വിജയത്തിലെത്തിച്ചേര്‍ന്നു. തോല്‍വി മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകളില്‍ കരിനിഴല്‍ വീഴ്ത്തി. എട്ടു പോയിന്റുമായി ആറാം സ്ഥാനത്താണ് മുംബൈ. അത്ര തന്നെ പോയിന്റുള്ള നൈറ്റ് റൈഡേഴ്‌സ് നാലാം സ്ഥാനത്തേക്ക് കയറി.

ബാറ്റിംഗ് ശക്തി വിളിച്ചോതിയാണ് നൈറ്റ് റൈഡേഴ്‌സ് മുംബൈഇന്ത്യന്‍സിനെ കെട്ടുകെട്ടിച്ചത്. ശുഭ്മാന്‍ ഗില്ലിനെ (13) മൂന്നാം ഓവറില്‍ നഷ്ടപ്പെട്ട കൊല്‍ക്കത്ത കുലുങ്ങിയില്ല. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വെങ്കിടേഷ് അയ്യരും (53) രാഹുല്‍ ത്രിപാഠിയും (74 നോട്ടൗട്ട്) ചേര്‍ന്ന് പരിചയ സമ്പന്നരായ മുംബൈ ബൗളര്‍മാരെ അടിച്ചൊതുക്കി. നാല് ഫോറും മൂന്ന് സിക്‌സും സഹിതമാണ് വെങ്കടേഷ് അയ്യര്‍ ഐപിഎല്‍ കരിയറിലെ കന്നി അര്‍ദ്ധ ശതകം തികച്ചത്. ഗില്ലിനെ പോലെ അയ്യരെയും മുംബൈയുടെ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ബൗള്‍ഡാക്കി. പിന്നാലെ ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനും (7) ബുംറയെ നമിച്ചു. എങ്കിലും എട്ട് ബൗണ്ടറികളും മൂന്ന് സിക്‌സുമായി കത്തിക്കയറിയ ത്രിപാഠി. നിതീഷ് റാണയെ (5 നോട്ടൗട്ട്) കൂട്ടുപിടിച്ച് കൊല്‍ക്കത്തയെ വിജയതീരമണച്ചു.

നേരത്തെ, ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിന്റെ (55, നാല് ബൗണ്ടറി, മൂന്ന് സിക്സ്) ഫിഫ്റ്റിയാണ് മുംബൈ ഇന്ത്യന്‍സിനെ താങ്ങിനിര്‍ത്തിയത്. പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയ നായകന്‍ രോഹിത് ശര്‍മ്മ നാല് ഫോറുകളടക്കം 33 റണ്‍സ് മുംബൈ സ്‌കോറില്‍ സംഭാവന ചെയ്തു. കെയ്റണ്‍ പൊള്ളാര്‍ഡ് (21) മറ്റൊരു പ്രധാന സ്‌കോറര്‍. സൂര്യകുമാര്‍ യാദവും (5) ഇഷാന്‍ കിഷനും (14) തിളങ്ങിയില്ല. കൊല്‍ക്കത്തയ്ക്കായി ലോക്കി ഫെര്‍ഗൂസനും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കണിശത കാട്ടിയ സ്പിന്നര്‍ സുനില്‍ നരെയ്ന്‍ ഒരു ഇരയെ കണ്ടെത്തി.