'കോഹ്ലിയുടെ പെരുമാറ്റം മനോഹരം', ഇന്ത്യന്‍ നായകനെ പുകഴ്ത്തി മുന്‍ പാക് വനിതാ താരം

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ പാകിസ്ഥാനെതിരായ മത്സരശേഷമുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ പെരുമാറ്റം മനോഹരമായിരുന്നെന്ന് മുന്‍ പാക് വനിതാ താരം സന മിര്‍. കോഹ്ലി മാതൃകാപുരുഷനാണെന്നും മിര്‍ പറഞ്ഞു.

പാകിസ്ഥാനോടേറ്റ തോല്‍വിയെ വിരാട് കോഹ്ലി സുന്ദരമായാണ് കൈകാര്യം ചെയത്. അദ്ദേഹത്തിന്റെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ ബഹുമാനിക്കുന്നു. കോഹ്ലിയെ പോലുള്ള വലിയ താരങ്ങള്‍ കളത്തില്‍ ഇങ്ങനെ പെരുമാറുന്നത് നല്ല കാര്യമാണ്- സന മിര്‍ പറഞ്ഞു.

സുരക്ഷിത ബോധമുള്ള വ്യക്തിയെയാണ് കോഹ്ലിയില്‍ കാണുന്നത്. തിരിച്ചു വരാനുള്ള ഇന്ത്യയുടെ ആത്മവിശ്വാസത്തെ അത് വരച്ചുകാട്ടുന്നു. ഇന്ത്യ തിരിച്ചു വരുമെന്നാണ് പ്രതീക്ഷ. ഈ ലോക കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇനിയും ഏറ്റുമുട്ടുമെന്ന് കരുതുന്നതായും മിര്‍ കൂട്ടിച്ചേര്‍ത്തു.