സഞ്ജു വലിയ മത്സരം കളിക്കാന്‍ പ്രാപ്തന്‍, ലോക കപ്പില്‍ അവസരം നല്‍കാതിരുന്നത് തെറ്റ്; മലയാളി താരത്തിനായി വാദിച്ച് കൈഫ്

ഇന്ത്യന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ വലിയ മത്സരങ്ങളില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ താരം മുഹമ്മദ് കൈഫ്. ഐപിഎല്ലില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കാത്തതില്‍ പരിഭവം അറിയിച്ച് കൈഫ് ഭാവി മുന്നില്‍ കണ്ട് സഞ്ജുവിനെ പോലുള്ള യുവതാരങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിന്റെ ആവശ്യകത ഉയര്‍ത്തികാട്ടി.

ഭാവിയിലേക്ക് നോക്കുമ്പോള്‍ എനിക്ക് തോന്നുന്നത് സഞ്ജു സാംസണ്‍ വലിയ മത്സരം കളിക്കാന്‍ പ്രാപ്തനാണെന്നാണ്. എന്നാല്‍ ലോകകപ്പിലേക്ക് അവന്‍ പരിഗണിക്കപ്പെട്ടില്ല. അഞ്ചാം നമ്പറില്‍ കളിക്കാന്‍ അവന് കഴിവുണ്ട്. ഐപിഎല്‍ നിരവധി വര്‍ഷമായി കളിക്കുന്ന സഞ്ജു രാജസ്ഥാന്‍ നായകനാണ്. അവസാന സീസണില്‍ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി.

വെസ്റ്റിന്‍ഡീസിനെതിരേ മാച്ച് വിന്നിംഗ് ഇന്നിംഗ്സാണ് സഞ്ജു കളിച്ചത്. 2, 3 വിക്കറ്റ് വീണിട്ടും അവന്‍ ക്രീസിലേക്കെത്തി ആക്രമിച്ചു. സ്പിന്നര്‍മാരെ നന്നായി നേരിടാനും സിക്സും ഫോറും അടിക്കാനും കഴിവുണ്ട്. എന്നിട്ടും അവനെ ടി20 ലോകകപ്പിലേക്ക് പരിഗണിച്ചില്ലെന്നത് വലിയ തെറ്റാണ്- കൈഫ് പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ വലിയ അഴിച്ചുപണിക്കാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. അത് സഞ്ജുവിനെ പോലുള്ള യുവതാരങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നാണ് കരുതുന്നത്. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയിലെ പ്രകടനം ബിസിസിഐയുടെ പുതിയ പദ്ധതികളില്‍ താരങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കും.