അദ്ദേഹത്തിന് ക്രിക്കറ്റാണ് ജീവിതത്തിലെ ഏക പിടിവള്ളി, ഏക സ്വപ്നവും

ജോസ് ജോര്‍ജ്ജ്

‘പ്രാക്ടീസ് സെഷണുകളില്‍ സ്റ്റമ്പിന് താഴെ ഒരു ഷൂ വച്ചു അതില്‍ എറിയാന്‍ പറഞ്ഞാല്‍ അതെനിക് ഒരിക്കലും സാധിക്കില്ല. പക്ഷെ ഒരു ബാറ്റസ്മാന്‍ ആണെങ്കില്‍ ആറു ബോളും കൃത്യമായി യോര്‍ക്കര്‍ എറിയാന്‍ എനിക്ക് കഴിയും. ഞാന്‍ അങ്ങനെയാണ്.’ നടരാജന്‍ എന്ന മനുഷ്യനെക്കുറിച്ചു എല്ലാം ഈ വരിയിലുണ്ട്. നടരാജന് കളി ജീവിതമാണ്. അതില്‍ ഏച്ചുകെട്ടലുകളില്ല. പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ മാത്രം. അദ്ദേഹത്തിനു ക്രിക്കറ്റ് ജീവിതത്തിന്റെ ഏക പിടിവള്ളിയാണ്, ഏക സ്വപ്നമാണ്.

സേലത്തുനിന്ന് 36 കി മി. അകലമുള്ള ചിന്നപംപറ്റി എന്ന കുഗ്രാമത്തുനിന്നും ഓസ്‌ട്രേലിയ വരെ എത്തിയ ഇദ്ദേഹത്തിന്റെ യാത്ര ഒട്ടും സുന്ദരമായിരുന്നില്ല. തീരെ പാവപ്പെട്ട കുടുംബത്തില്‍, അഞ്ചു മക്കളില്‍ ഏറ്റവും മുതിര്‍ന്നവനായി ജനിച്ച നടരാജന്‍ എന്ന ബൗളരെ ആദ്യം കണ്ടെത്തിയത് ക്രിക്കറ്റ് ക്ലബ് നടത്തിയിരുന്ന ജയപ്രകാശ് എന്ന മനുഷ്യനാണ്. വളരെ ചെറുപ്പത്തിലേ തന്നെ നടരാജനെ അദ്ദേഹം ഏറ്റടുത്തു. കുടുംബത്തില്‍ നിന്ന് അനുമതിയും വാങ്ങി ജയപ്രകാശിനൊപ്പം ഇറങ്ങിയ നടരാജന് പിന്നെയും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല.

ചെന്നൈയില്‍ നാലാം ഡിവിഷന്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ നടരാജന്‍ 2015 ഓടെ തമിഴ്‌നാട് രഞ്ജി ടീമില്‍ എത്തി. പക്ഷെ ആ വര്‍ഷം ബൗളിംഗ് ആക്ഷന്റെ പേരില്‍ ബാന്‍ ലഭിച്ച ബൗളേഴ്സിന്റെ കൂട്ടത്തില്‍ നടരാജന്റെ പേരും ഉണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും കഠിനമായ സമയം ആ ഒരു വര്‍ഷം ആണെന്നത് നടരാജന്‍ പിന്നീട് പറഞ്ഞിട്ടുണ്ട്.

തമിഴ്‌നാട് ട്വന്റി ട്വന്റി ലീഗ് ആയ TNPL ആണ് നടരാജന്‍ എന്ന പ്രതിഭയെ പുറംലോകത്തിനു കാണിച്ചു കൊടുത്തത്. 2016 തൊട്ടു ഉള്ള പ്രകടനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ കിങ്സ് ഇലവന്‍ പഞ്ചാബില്‍ എത്തിച്ചു. പക്ഷെ ഒട്ടും അവസരങ്ങള്‍ അവിടെ നിന്ന് ലഭിച്ചില്ല. മാത്രമല്ല ആ സമയത്തു ഒരു കൈമുട്ട് ശസ്ത്രക്രിയക്ക് വിധായനാകേണ്ടി വന്നു . പിന്നീട് 2018 ഇല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ മുരളീധരന്റെയും ലക്ഷ്മണിന്റെയും കീഴില്‍ എത്തിയ നടരാജന്‍ 2020ഇല്‍ പുറത്തടുത്ത പ്രകടനം നമ്മള്‍ ഏവരും കണ്ടതാണ്.

First series win for my country memorable and special: Natarajan | Cricket  News - Times of India

ഓസ്ട്രേലിയന്‍ മണ്ണില്‍ നടന്ന ഏകദിന പര്യടനത്തില്‍ നാം ഏവരെയും ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ചത് തമിഴ്‌നാടുകാരന്‍ താങ്കരസു നടരാജന്‍ താനെയായിരുന്നു. ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്നും ഐ.പി.എല്‍ വഴി ഇന്ത്യന്‍ ദേശിയ ടീമില്‍ എത്തുക എന്നതിനപ്പുറം ഒറ്റ ടൂര്‍ണമെന്റ് കൊണ്ട് പ്ലെയിങ് ലവ്‌നിലെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു ഈ ഇടം കയ്യന്‍ മീഡിയം ഫാസ്റ്റ് ബൗളര്‍. തുടര്‍ച്ചായി അലട്ടുന്ന പരിക്കുകളാണ് താരത്തിന്റെ മുന്നിലുള്ള വെല്ലുവിളി.

നടരാജന്റെ വിജയം നമ്മുടെ എല്ലാം സന്തോഷമാകുന്നത് അദ്ദേഹത്തിന്റെ യാത്ര അറിയുന്നത് കൊണ്ടാണ്. ഒരു സാധാരണക്കാരന്റെ ജീവിതത്തോടുള്ള പടവെട്ടലില്‍ നാം നമ്മളെ തന്നെ നടരാജനില്‍ കാണുന്നുണ്ട്. അദ്ദേഹത്തിന്റെ വിജയം നമ്മള്‍ അത്രമാത്രം ആഗ്രഹിക്കുന്നുണ്ട്. പിറന്നാള്‍ ആശംസകള്‍ നടരാജന്‍….