ഇന്ത്യന്‍ ടീം യാത്ര ചെയ്തിരുന്ന വിമാനത്തിന് ഇടിമിന്നലേറ്റു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അശ്വിന്‍

2020-21 ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്കുള്ള വിമാനയാത്രക്കിടെ ഉണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇന്ത്യന്‍ ടീം സഞ്ചരിച്ച വിമാനത്തില്‍ ഇടിമിന്നലേറ്റതിനെ കുറിച്ചായിരുന്നു അശ്വിന്റ വെളിപ്പെടുത്തല്‍.

‘മെല്‍ബണില്‍ നിന്ന് സിഡ്നിയിലേക്കുള്ള വിമാന യാത്രയ്ക്കിടയിലാണ് സംഭവം. ഞങ്ങളുടെ വിമാനത്തിന് ഇടിമിന്നലേറ്റു. ആ നിമിഷം വല്ലാതെ ഭയപ്പെടുത്തി. ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യില്ലെന്നാണ് ഞാന്‍ കരുതിയത്, അശ്വിന്‍ പറഞ്ഞു.

‘വൂട്ട് സെലക്റ്റിന്റെ’ വരാനിരിക്കുന്ന ഡോക്യുമെന്ററിയായ ‘ബാണ്ടന്‍ മേ താ ദം’ ട്രെയിലര്‍ ലോഞ്ചിനിടെയാണ് അശ്വിന്‍ സംഭവത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യയുടെ ഓസ്ട്രേലിയയിലെ ചരിത്രജയത്തെ കുറിച്ച് പറയുന്ന ഡോക്യുമെന്ററിയാണിത്.

അന്ന് സിഡ്നിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം അശ്വിന്‍ ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. യുവര്‍സ് ടര്‍ബുലന്റ്ലി മെല്‍ബണ്‍ ടു സിഡ്നി എന്നായിരുന്നു അശ്വിന്റെ ട്വീറ്റ്.