വെടിക്കെട്ട് വീരന്‍ ലോക കപ്പില്‍ നിന്ന് ഔട്ട്!; ഇംഗ്ലണ്ടിന് നടുക്കം

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച ഇംഗ്ലണ്ടിനെ നടുക്കി വമ്പന്‍ ഹിറ്റുകള്‍ക്ക് പ്രാപ്തിയുള്ള ഓപ്പണര്‍ ജാസണ്‍ റോയ്‌യുടെ പരിക്ക്. ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിനിടെ പരിക്കേറ്റ റോയ്ക്ക് ഈ ലോക കപ്പില്‍ ഇനി കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിലെ ഇംഗ്ലീഷ് ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലാണ് ജാസണ്‍ റോയ്ക്ക് പരിക്കേറ്റത്. വിക്കറ്റിനിടയിലെ ഓട്ടത്തിനിടെ വേദനകൊണ്ട് പുളഞ്ഞ് മുടന്തിയ റോയ് നിലത്തുവീണു. മെഡിക്കല്‍ ടീമിന്റെയും ടോം കറന്റെയും സഹായത്തോടെയാണ് റോയ് കളംവിട്ടത്. അപ്പോള്‍ താരം കരയുന്നുണ്ടായിരുന്നു. റോയ്‌യുടെ ഇടതു തുടയ്‌ക്കോ കണങ്കാലിനോ ആണെന്ന് പരിക്കേറ്റതെന്നു കരുതപ്പെടുന്നു.

ഒരാഴ്ചയ്ക്കിടെ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ കളിക്കാരനാണ് പരിക്കിന്റെ പിടിയിലാകുന്നത്. നേരത്തെ, പേസര്‍ ടൈമല്‍ മില്‍സിനു പരിക്കേറ്റിരുന്നു. തുടയ്ക്ക് പരിക്കേറ്റ മില്‍സിന്റെ ലോക കപ്പ് പ്രതീക്ഷ അവസാനിക്കുകയും ചെയ്തു.