വിരലിന് വീണ്ടും ശസ്ത്രക്രിയ; ഇംഗ്ലീഷ് സൂപ്പര്‍ താരം ആഷസിനുണ്ടാവില്ല

ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളില്‍ കരിനിഴല്‍ വീഴ്ത്തി സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പരിക്ക്. വിരലിന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനായ സ്റ്റോക്‌സ് ആഷസിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റോക്‌സിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലില്‍ ഏപ്രിലിലാണ് പരിക്കേറ്റത്. തുടര്‍ന്ന് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.പിന്നാലെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് സ്റ്റോക്‌സ് ക്രിക്കറ്റില്‍ താത്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

വിരലിലെ സ്‌ക്രൂകളും സ്‌കാര്‍ ടിഷ്യൂകളും നീക്കം ചെയ്യുന്നതിനാണ് രണ്ടാമത് ശസ്ത്രക്രിയ വേണ്ടിവന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അടുത്ത നാലാഴ്ച പരിക്ക് പൂര്‍ണമായി ഭേദമാകാനുള്ള പരിചരണത്തിലായിരിക്കും സ്‌റ്റോക്‌സ്. സ്‌റ്റോക്‌സ് കളിക്കാനില്ലെങ്കില്‍ ഇംഗ്ലണ്ടിനത് വലിയ തിരിച്ചടിയാകും. ഇംഗ്ലീഷ് പേസ് നിരയിലെ പ്രമുഖന്‍ ജോഫ്ര ആര്‍ച്ചറും ഒലി സ്‌റ്റോണ്‍സും നേരത്തെ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു.