ദ്രാവിഡിനെ ബി.സി.സി.ഐയും ഐ.സി.സിയും 'അപമാനിച്ചു', ആരാധകരോഷം കത്തുന്നു

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ അപമാനിച്ചെന്ന് ആരോപിച്ച് ഐസിസിയ്ക്കും ബിസിസിഐയ്ക്കും എതിരെ ആരാധക രോഷം. ഐസിസി ഔദ്യോഗിക വെബ്സൈറ്റിലെ “ഹാള്‍ ഓഫ് ഫെയിം” പട്ടികയില്‍ രാഹുല്‍ ദ്രാവിഡിനെ ഇടംകൈയ്യന്‍ ബാറ്റ്സ്മാനെന്ന് രേഖപ്പെടുത്തിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്.

എന്നാല്‍ രവി ശാസ്ത്രിയും രാഹുല്‍ ദ്രാവിഡും ഒരുമിച്ചു നില്‍ക്കുന്ന ചിത്രത്തിന് കൊടുത്ത കുറിപ്പാണ് ബിസിസിഐയെ വെട്ടിലാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങളെന്നാണ് ചിത്രത്തിന് ബിസിസിഐ തലവാചകം നല്‍കിയത്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ശാസ്ത്രിയെ ഇതിഹാസമായി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ രാഹുല്‍ ദ്രാവിഡിന്റെ പേര് ഐസിസി ചേര്‍ത്തത്. പട്ടികയിലെ അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. ബിഷന്‍ ബേദി, കപില്‍ ദേവ്, സുനില്‍ ഗവാസ്‌കര്‍, അനില്‍ കുംബ്ലൈ എന്നിവര്‍ ദ്രാവിഡിന് മുന്‍ഗാമികളായുണ്ട്.

പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാനായാണ് ദ്രാവിഡിനെ ഐസിസി വിശേഷിപ്പിച്ചത്. ഇത് പൊറുക്കാനാവാത്ത തെറ്റാണെന്ന് ആരാധകര്‍ പറയുന്നു. എന്തായാലും ട്വിറ്ററില്‍ രോഷം അണപൊട്ടിയതിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പിഴവ് തിരുത്തി.

ഈ ബഹളത്തിനിടയിലാണ് ദ്രാവിഡിന്റെ ചിത്രവുമായി ബിസിസിഐ രംഗത്തെത്തിയത്. വെള്ളിയാഴ്ച്ച ഇന്ത്യന്‍ ക്യാംപില്‍ ദ്രാവിഡ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ ചിത്രങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പങ്കുവെച്ചത്. ഇതിനാണ് തലക്കെട്ടായി “ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ടു ഇതിഹാസങ്ങള്‍” എന്ന് ബിസിസിഐ രേഖപ്പെടുത്തിയത്. ഇതോടെയാണ് ആരാധകരരോഷം പൊട്ടിയൊലിച്ചത്.

നിലവില്‍ ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാണ് രവി ശാസ്ത്രി. 2021 ട്വന്റി-20 ലോകകപ്പുവരെ ശാസ്ത്രി തല്‍സ്ഥാനത്ത് തുടരും. തുടര്‍ച്ചയായി രണ്ടാം തവണയാണ് രവി ശാസ്ത്രി ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നത്. ബെംഗളൂരു കേന്ദ്രമായ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്.