വെടിക്കെട്ട് തീര്‍ക്കാന്‍ ഫാഫ് വരില്ല; ചെന്നൈയുടെ കണ്ണുകള്‍ മൂവര്‍ സംഘത്തില്‍

ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിന് കളമൊരുക്കാന്‍ തയാറെടുക്കുകയാണ് യുഎഇ. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ടീമുകളുടെ കൂട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് മത്സരം ജയിക്കാന്‍ പ്രാപ്തിയുള്ള ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസിയുടെ അഭാവം സൂപ്പര്‍ കിങ്‌സിനെ ആകുലതയിലാക്കുന്നു. ഡുപ്ലെസിക്ക് പകരം മൂന്നു താരങ്ങളെയാണ് സൂപ്പര്‍ കിങ്‌സ് ഓപ്പണറുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 320 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് ഡുപ്ലെസി. അതിനാല്‍ത്തന്നെ ഡുപ്ലെസിക്ക് പകരമെത്തുന്നയാളുടെ ഫോം സൂപ്പര്‍ കിങ്‌സിന്റെ മുന്നോട്ടുപോക്കിനെ സ്വാധീനിക്കും. വെറ്ററന്‍ താരം റോബിന്‍ ഉത്തപ്പ, യുവ ബാറ്റ്‌സ്മാന്‍ എന്‍. ജഗദീശന്‍, ഇംഗ്ലണ്ടിന്റെ മൊയീന്‍ അലി എന്നിവരിലൊരാളെ ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ ഓപ്പണിങ് പങ്കാളിയായി സൂപ്പര്‍ കിങ്‌സ് പരിഗണിക്കാനാണ് സാധ്യത.

പരിചയ സമ്പത്തും ഹിറ്റിങ് പവറുമാണ് ഉത്തപ്പയ്ക്ക് മുന്‍തൂക്കംനല്‍കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തപ്പ തിളങ്ങിയിരുന്നു. സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തില്‍ ഉത്തപ്പ അരങ്ങേറുമൊയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജഗദീശനും മികച്ച ഫോമിലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ റണ്‍വേട്ടയില്‍ മുന്നിലാണ് ജഗദീശന്‍. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും താരം സ്ഥിരതകാട്ടി. ക്ലാസിക് ഷോട്ടുകള്‍ ധാരാളം കളിക്കുന്ന ജഗദീശനെയും ഓപ്പണറായി സൂപ്പര്‍ കിങ്‌സിന് കളത്തിലിറക്കാവുന്നതാണ്.

ലോകോത്തര ഓള്‍ റൗണ്ടറായ മൊയീന്‍ അലിയെ സൂപ്പര്‍ കിങ്‌സ് ഓപ്പണറാക്കിയാലും അതിശയിക്കണ്ടതില്ല. മൂന്നാം നമ്പറില്‍ മിന്നിയ അലിക്ക് യുഎഇയിലെ സ്പിന്‍ കെണികളെ ഫലപ്രദമായി നേരിടാനുള്ള പ്രാപ്തിയുണ്ട്. ഓപ്പണ്‍ ചെയ്യുന്ന അലി മധ്യ ഓവറുകളിലും കളി തുടര്‍ന്നാല്‍ സൂപ്പര്‍ കിങ്‌സിന് അതു ഗുണം ചെയ്യും.