ഇംഗ്ലണ്ടിന് രക്ഷയില്ല; മൂന്നാം ടെസ്റ്റിലും തകര്‍ന്നടിഞ്ഞു

ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിലും ഇംഗ്ലണ്ട് ചെറിയ സ്‌കോറിന് പുറത്തായി. ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത ഓസട്രേലിയ വെറും 185 റണ്‍സിനാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്.

ഓസീസ് ബോളര്‍മാര്‍ ഫോം തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ ഒരിക്കല്‍കൂടി ചൂളിപ്പോയി. ടീമില്‍ തിരിച്ചെത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റുമായി ഓസ്‌ട്രേലിയന്‍ ആക്രമണത്തിന് നേതൃത്വം നല്‍കി. സ്പിന്നര്‍ നതാന്‍ ലയോണിന് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്കിന് രണ്ടും ഇരകളെ വീതം ലഭിച്ചു.

ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ടാണ് (50) അര്‍ദ്ധ ശതകവുമായി പൊരുതിനോക്കിയത്. ജോണി ബെയര്‍സ്‌റ്റോ (35), ബെന്‍ സ്‌റ്റോക്‌സ് (25), ഒലി റോബിന്‍സണ്‍ (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍, ഒരു വിക്കറ്റിന് 61 റണ്‍സ് എന്ന നിലയിലാണ്. 38 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറെയാണ് ഓസീസിന് നഷ്ടമായത്. ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വാര്‍ണറുടെ മടക്കം. മാര്‍ക്വസ് ഹാരിസ് (20 നോട്ടൗട്ട്), നൈറ്റ് വാച്ച്മാന്‍ നതാന്‍ ലയോണ്‍ (0 നോട്ടൗട്ട്) എന്നിവര്‍ ക്രീസിലുണ്ട്.