ആഷസില്‍ ഇംഗ്ലണ്ടിന് രക്ഷയില്ല; രണ്ടാം ടെസ്റ്റിലും ഓസീസ് വിജയക്കൊടി പാറിച്ചു

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് ഉജ്വല ജയം. ഇംഗ്ലണ്ടിനെ 275 റണ്‍സിന് മുക്കിയാണ് ഓസ്ട്രേലിയ വന്‍ വിജയം നേടിയത്. ഓസീസ് മുന്നില്‍വച്ച കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 192 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് കയ്യിലുള്ള നിലയില്‍ അവസാന ദിവസം ഇറങ്ങിയ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിന് അതിവേഗം വീഴുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 9 വിക്കറ്റിന് 473 റണ്‍സിനും രണ്ടാം വട്ടത്തില്‍ 9ന് 230 റണ്‍സിനും ഓസ്‌ട്രേലിയ ഡിക്ലയര്‍ ചെയ്തിരുന്നു. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 2-0ന് ഓസ്ട്രേലിയ മുന്നിലായി.

ഇംഗ്ലണ്ടിന്റെ വാലറ്റക്കാരന്‍ ക്രിസ് വോക്സ് 44 റണ്‍സുമായി ചെറുത്തുനിന്നതാണ് ഓസീസിന്റെ വിജയം താമസിപ്പിച്ചത്. ഓപ്പണര്‍ റോറി ബേണ്‍സ് 34 റണ്‍സ് എടുത്തു. ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധ ശതകം കുറിച്ച ഡേവിഡ് മലാനും ജോ റൂട്ടിനും മികവ് ആവര്‍ത്തിക്കാനായില്ല. റൂട്ട് 24 റണ്‍സിനും മലാന്‍ 20 റണ്‍സിനും പുറത്തായി. സ്റ്റോക്സ് 12 റണ്‍സിനും വീണു. 207 പന്തുകള്‍ പിടിച്ചുനിന്ന ബട്ട്‌ലര്‍ 26 റണ്‍സുമായി മടങ്ങി.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജേ റിച്ചാര്‍ഡ്സണായിരുന്നു ഇംഗ്ലീഷ് ബാറ്റര്‍മാരുടെ അന്തകനായത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ മാര്‍നസ് ലാബുസ്‌ഷെയ്ന്‍ (103) രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സും നേടി. ട്രാവിസ് ഹെഡും (51) ഓസ്‌ട്രേലിയന്‍ നിരയില്‍ മിന്നി.

ഒന്നാം ഇന്നിംഗ്സില്‍ ഡേവിഡ് വാര്‍ണര്‍ (95), സ്റ്റീവ് സ്മിത്ത് (93) അലക്‌സ് കാരി (51), മിച്ചല്‍ സ്റ്റാര്‍ക്ക് (39) മൈക്കല്‍ നെസെര്‍ (35) എന്നിവര്‍ കാട്ടിയ മികവും കംഗാരുക്കളുടെ വിജയത്തിന് ആധാരമായിത്തീര്‍ന്നു.