ലോകകപ്പ് : ചര്‍ച്ചയായി ഇംഗ്ലീഷ് നായകന്റെ തുറന്ന് പറച്ചില്‍

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ തോല്‍പിച്ച് കിരീടം ചൂടിയത് തന്നെ ഏറെ സങ്കടപ്പെടുത്തുന്നതായി ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗന്റെ തുറന്നുപറച്ചില്‍. ഇംഗ്ലണ്ട് ടീം ശരിക്കും ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്ന് ഉറപ്പിച്ചു പറയാനാവുന്നില്ലെന്ന് മോര്‍ഗന്‍ പറഞ്ഞു.

ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് മോര്‍ഗണ്‍ മനസ്സുതുറന്നിരിക്കുന്നത്.

“ഫൈനലില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ തമ്മില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലായിരുന്നു. ഞങ്ങള്‍ വിജയം അര്‍ഹിച്ചിരുന്നു. അതുപോലെ അവരും. ഞങ്ങള്‍ക്ക് തോല്‍ക്കാനാവില്ലായിരുന്നു, അവര്‍ക്കും. അതുകൊണ്ടുതന്നെ ഇതുപോലൊരു ഫലം ഒരിക്കലും നീതീപൂര്‍വകമാണെന്ന് പറയാനാവില്ല. കാരണം ഇരു ടീമുകളും തമ്മില്‍ വ്യത്യാസങ്ങളൊന്നുമില്ലായിരുന്നു. എവിടെയാണ് ജയിച്ചത്, എവിടെയാണ് തോറ്റതെന്ന് ഞങ്ങള്‍ക് പറയാനാവുന്നില്ല” മോര്‍ഗണ്‍ പറയുന്നു.

മത്സരത്തില്‍ വിധി മാറ്റിയെഴുതിയ ഒരു നിമിഷവും ഇല്ലായിരുന്നു. മത്സരത്തിനുശേഷം ഇക്കാര്യത്തെക്കറിച്ച് ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണോട് ഞാന്‍ പലവട്ടം സംസാരിച്ചു. നടന്ന കാര്യങ്ങളെക്കുറിച്ച് വിശദീകിക്കാന്‍ ഞങ്ങള്‍ക്ക് ഇരുവര്‍ക്കും കഴിയുന്നില്ല. ഓവര്‍ത്രോ റണ്‍ വിവാദം ഇനിയും ഉള്‍ക്കൊള്ളാനായിട്ടില്ല. ആ സമയത്ത് എല്ലാം ശരിയാണെന്നു എനിക്ക് തോന്നി. ഇപ്പോള്‍ അതില്‍ ശരികേടുണ്ടെന്നും തോന്നുന്നു” മോര്‍ഗണ്‍ കൂട്ടിചേര്‍ത്തു.