മധ്യനിരയില്‍ സഞ്ജുവല്ല വേണ്ടത്, രഹാനയെ തിരിച്ചുവിളിക്കൂ; ഉപദേശവുമായി പാക് താരം

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങളെ വിമര്‍ശിച്ച് പാക് മുന്‍ താരം സല്‍മാന്‍ ബട്ട്. സീനിയര്‍ താരങ്ങളായ അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍ എന്നിവരെ ഏകദിന ടീമിലേക്ക് വിളിക്കാമായിരുന്നുവെന്നും വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഒരിക്കലും ഇന്ത്യക്ക് ഗുണം ചെയ്യില്ലെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.

രഹാനെ ഒരു മികച്ച ഓപ്ഷനായിരുന്നു. ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രഹാനെയ്ക്കായി. മാത്രമല്ല, ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവും നടത്തി. ആറാം നമ്പറില്‍ ഒരു പരിചയസമ്പന്നനായ ബാറ്ററെയാണ് ഇന്ത്യക്ക് വേണ്ടത്. രഹാനെ അതിന് അനുയോജ്യനാണ്. കെ എല്‍ രാഹുലും. ടോപ് ഓര്‍ഡറില്‍ ശിഖര്‍ ധവാനേയും കൊണ്ടുവരാമായിരുന്നു.

ധവാനേക്കാള്‍ മികച്ച ഇടങ്കയ്യന്‍ ടോപ് ഓര്‍ഡര്‍ ബാറ്ററെ ഞാന്‍ ഇന്ത്യന്‍ ടീമില്‍ കണ്ടിട്ടില്ല. വിന്‍ഡീസിനെതിരെ ഏകദിന പരമ്പരയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഒരിക്കലും ഇന്ത്യക്ക് ഗുണം ചെയ്യില്ല. അതും ലോകകപ്പ് അടുത്തെത്തിയിരിക്കെ. ലോകകപ്പ് കളിക്കേണ്ട 15 താരങ്ങളെ ഇന്ത്യ കണ്ടെത്തേണ്ട സമയമാണിത് സല്‍മാന്‍ ബട്ട് പറഞ്ഞു.

ലോകകപ്പിനുള്ള ടീം സെലക്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. ഇതിന്റെ ഭാഗമായി ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കെല്ലാം ഇന്ത്യ അവസരം നല്‍കിയിരുന്നു. പരമ്പര ഇന്ത്യ നേടിയെങ്കിലും ഇത്തരം പരീക്ഷണങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെടുകയാണ്.