നിങ്ങള്‍ എന്നാ കണ്ണുപൊട്ടന്മാരാണോ, അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്; പാക് ആരാധകരോട് മുന്‍ താരം

ഇന്ത്യ-പാക് മത്സരത്തിന്റെ അവസാന ഓവറില്‍ ഇന്ത്യയ്ക്കെതിരെ മുഹമ്മദ് നവാസിന്റെ നോ ബോളിനെ ചൊല്ലിയുള്ളത് അനാവശ്യ വിവാദമാണെന്ന് പാക് മുന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയ. ഈ കോളില്‍ ആരാധകരും മുന്‍ ക്രിക്കറ്റ് താരങ്ങളും വിഭിന്ന അഭിപ്രായങ്ങളാണ് പറയുന്നത്. കാരണം ഇത് വളരെ പ്രയാസകരമായ ഒരു കോളായിരുന്നു. എന്നാല്‍ അമ്പയര്‍മാര്‍ ശരിയായ തീരുമാനമാണ് എടുത്തതെന്ന് കനേരിയ വ്യക്തമാക്കി.

നവാസിന്റെ നോബോള്‍ നാട്ടിലെ സംസാരവിഷയമാണ്. ഷോയിബ് (അക്തര്‍) അതിനെക്കുറിച്ച് എഴുതി. അത് വളരെ ഉയര്‍ന്നതും വ്യക്തമായും ഒരു നോ-ബോള്‍ ആയിരുന്നു. അരക്കെട്ടിന് മുകളിലായിരുന്നു അത്. അതിനെക്കുറിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്.

നവാസ് പരിഭ്രാന്തനായി വേഗത്തില്‍ പന്തെറിയാന്‍ ശ്രമിച്ചു. ബാബര്‍ അസം അവനോട് അങ്ങനെ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കണം. അവന്‍ കുറച്ച് പതുക്കെ പന്തെറിയണമായിരുന്നുവെന്ന് എനിക്ക് തോന്നുന്നു. അവന്‍ തന്റെ വേഗതയില്‍ വ്യത്യാസം വരുത്തിയിരുന്നെങ്കില്‍, അവന്‍ ഇത്രയധികം പോകില്ലായിരുന്നു. ആ നോബോളും സിക്‌സും ഉണ്ടാകില്ലായിരുന്നു- കനേരിയ പറഞ്ഞു.

കളി കത്തിമുനയില്‍ തൂങ്ങിക്കിടക്കുമ്പോള്‍, പാകിസ്ഥാന്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ നവാസ് ഒരു ഉയര്‍ന്ന ഫുള്‍ടോസ് എറിഞ്ഞത്. അത് വിരാട് കോഹ്‌ലി ഒരു സിക്‌സറിന് അയക്കുകയും ചെയ്തു. പന്ത് വളരെ ഉയര്‍ന്നതാണെന്ന് സൂചിപ്പിച്ച് ഇന്ത്യന്‍ ബാറ്റര്‍ അമ്പയര്‍മാരുടെ നേരെ നോക്കി. അമ്പയര്‍മാര്‍ അത് നോ ബോള്‍ ആണെന്ന് വിധിക്കുകയും ചെയ്തു.

ഞായറാഴ്ച മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സൂപ്പര്‍ 12 മത്സരത്തില്‍ ഇന്ത്യ തങ്ങളുടെ ചിരവൈരികളെ നാല് വിക്കറ്റിനാണ് തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം അവസാന ബോളില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

53 പന്തില്‍ ആറ് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 82 റണ്‍സ് നേടി പുറത്താകാതെനിന്ന കോഹ്ലിയാണ് കളിയിലെ താരം. ഇന്ത്യക്ക് തുടക്കത്തിലേ കെ.എല്‍ രാഹുലിന്റെ വിക്കറ്റ് നഷ്ടമായതിന് പിന്നാലെ ബാറ്റ് ചെയ്യാനെത്തിയ കോഹ്‌ലി പിന്നീട് പിന്നീട് തിരിഞ്ഞുനോക്കിയില്ല.