'തികച്ചും അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്'; അഭ്യര്‍ത്ഥനയുമായി വിരാട് കോഹ്‌ലി

മകളുടെ ചിത്രം എടുക്കുന്നതിനെയും പ്രസിദ്ധീകരിക്കുന്നതിനെയും എതിര്‍ത്ത് വിരാട് കോഹ്‌ലി വീണ്ടും രംഗത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഗാലറിയില്‍ നില്‍ക്കുന്ന ഭാര്യ അനുഷ്‌ക ശര്‍മയുടെയും മകള്‍ വാമികയുെടയും ചിത്രം വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് കോഹ്‌ലി ഇതിനെതിരെ രംഗത്ത് വന്നത്.

‘പ്രിയരേ, ഇന്നലെ സ്റ്റേഡിയത്തില്‍വച്ച് ഞങ്ങളുടെ മകളുടെ ചിത്രം പകര്‍ത്തുകയും അതിനുശേഷം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നതായി മനസിലാക്കുന്നു. ഞങ്ങള്‍ അറിയാതെയാതെ തികച്ചും അപ്രതീക്ഷിതമായാണ് ഈ ചിത്രം പകര്‍ത്തിയത്. ക്യാമറ ഞങ്ങള്‍ക്കു നേരെ തിരിഞ്ഞിരിക്കുന്ന വിവരം അറിഞ്ഞിരുന്നില്ല’

‘മകളുടെ ചിത്രം പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല. ഞങ്ങള്‍ മുന്‍പ് വിശദീകരിച്ചിട്ടുള്ള കാരണങ്ങളാല്‍ വാമികയുടെ ചിത്രം പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. നന്ദി.’ കോഹ്‌ലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പങ്കുവെച്ചു.

Image

കുഞ്ഞ് പിറന്ന ദിവസം മുതല്‍ തന്നെ ബോളിവുഡ് പാപ്പരാസികളോട് മകളുടെ മുഖം പകര്‍ത്തരുതെന്ന അഭ്യര്‍ത്ഥന വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും മുന്നോട്ടു വച്ചിരുന്നു. അക്കാരണം കൊണ്ടുതന്നെ കുഞ്ഞിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയവര്‍ മുഖം പുറത്തുകാണാത്ത വിധമേ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നുള്ളൂ. വാമികയുടെ ഒന്നാം പിറന്നാളിന് പോലും മുഖം പുറത്തുവന്നിരുന്നില്ല.