തേര്‍ഡ് അമ്പയർക്ക് പിഴച്ചോ ?, പ്രതിഷേധം ഉയര്‍ത്തി പഞ്ചാബ്

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ ആര്‍സിബി ഓപ്പണര്‍ ദേവദത്ത് പടിക്കല്‍ ഔട്ടല്ലെന്നു വിധിച്ച തേര്‍ഡ് അംപയറുടെ തീരുമാനം ഫീല്‍ഡില്‍ തര്‍ക്കത്തിനിടയാക്കി. പടിക്കല്‍ ഔട്ടായില്ലെന്ന് വിധിക്കാനുള്ള കാരണം തേടി പഞ്ചാബ് കിങ്‌സ് നായകന്‍ കെ.എല്‍. രാഹുല്‍ ഫീല്‍ഡ് അംപയര്‍ അനന്തപദ്മനാഭനെ സമീപിച്ചു.

സ്പിന്നര്‍ രവി ബിഷ്‌ണോയി എറിഞ്ഞ എട്ടാം ഓവറിന്റെ മൂന്നാം പന്തിലാണ് സംഭവം. ബിഷ്‌ണോയിയുടെ ടേണ്‍ ചെയ്ത ബോളിനെ റിവേഴ്‌സ് സ്വീപ്പ് കളിക്കാനുള്ള പടിക്കലിന്റെ ശ്രമം പിഴച്ചു. പന്ത് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ ഗ്ലൗസിലൊതുങ്ങി. പടിക്കലിന്റെ ബാറ്റിലോ ഗ്ലൗസിലോ പന്ത് കൊണ്ടെന്ന് ഉറപ്പിച്ച രാഹുല്‍ അപ്പീല്‍ ചെയ്തു. അംപയര്‍ ടി.വി. അംപയറിന് തീരുമാനം വിട്ടു.

അള്‍ട്രാ എഡ്ജ് പരിശോധനയില്‍ പന്ത് ഗ്ലൗസില്‍ കൊണ്ടെന്ന് തോന്നിക്കുന്ന വേരിയേഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ടി.വി. അംപയര്‍ കെ. ശ്രീനിവാസന്‍ പടിക്കല്‍ പുറത്തായില്ലെന്നു വിധിച്ചു. ഞെട്ടലോടെയാണ് പഞ്ചാബ് കിങ്‌സ് താരങ്ങള്‍ തീരുമാനത്തെ സ്വീകരിച്ചത്. പിന്നാലെ അവര്‍ ഫീല്‍ഡ് അംപയര്‍ അനന്തപദ്മനാഭന് അടുത്തുചെന്ന് പ്രതിഷേധം അറിയിക്കുകയും ചെയ്തു.