ധോണിയ്‌ക്കെതിരെ ബോംബ് പൊട്ടിച്ച് ഭോഗ്ലേയും

ടീം ഇന്ത്യയിലേക്ക് ഇനിയൊരു തിരിച്ചുവരവ് മുന്‍ നായകന്‍ ധോണിയെ സംബന്ധ്ച്ച് അസാധ്യമാണെന്ന് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലേ. ധോണിയ്ക്ക് തന്നെ ഇക്കാര്യം മനസ്സിലായിട്ടുണ്ടാകുമെന്നും ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ധോണിയ്ക്ക് ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടായിരുന്നെന്നും ഭോഗ്ലേ നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്താമെന്ന് ധോനിയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ട്വന്റി20 ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷ ഒരു പക്ഷേ ധോനി തന്നെ ഇപ്പോള്‍ ഉപേക്ഷിച്ചിട്ടുണ്ടാവും. ഇന്ത്യക്ക് വേണ്ടി കളിക്കാനായില്ലെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ധോനിക്ക് തുടര്‍ന്ന് കളിക്കാനാവുമെന്നും ഭോഗ്ലേ പറഞ്ഞു.

നേരത്തെ ധോണിയുടെ തിരിച്ചുവരവ് സാധ്യത തള്ളി മുന്‍ താരങ്ങളായ വീരേന്ദ്ര സെവാഗും സുനില്‍ ഗവാസ്‌ക്കറും കപില്‍ദേവുമെല്ലാം രംഗത്തെത്തിയിരുന്നു.

2019ലെ ഏകദിന ലോകകപ്പിലാണ് ധോണി അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് ധോണിയ്ക്ക് തിരിച്ച് വരണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കണമെന്ന ഉപാധി ടീം മാനേജുമെന്റ് വെയ്ക്കുകയായിരുന്നു. ഇതിനിടേയാണ് കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍ തന്നെ അനിശ്ചിതത്തിലായിരിക്കുന്നത്.