വിജയമാഘോഷിക്കാന്‍ സര്‍പ്രൈസായി ധോണി പറന്നെത്തി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടെസ്റ്റിലെ വിജയം ടീം ഇന്ത്യ ആഘോഷിച്ചപ്പോള്‍ സര്‍പ്രൈസായത് ടീമിലില്ലാത്ത മഹേന്ദ്ര സിംഗ് ധോണിയുടെ സാന്നിധ്യം. ഏകദിന-ടി20 പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലെത്തിയ ധോണി ടെസ്റ്റ് ടീമിലില്ലാനിട്ടും ഇന്ത്യയുടെ വിജയാഘോഷത്തില്‍ പങ്കുചേരുകയായിരുന്നു.

ശനിയാഴ്ച രാത്രി വൈകുവോളം ആഘോഷങ്ങള്‍ നീണ്ടുനിന്നു.

ഇന്ത്യന്‍ ടീമിനൊപ്പം ധോണിയും ആഘോഷത്തില്‍ പങ്കുചേരുന്ന സെല്‍ഫി ചിത്രം ഹര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യം ട്വീറ്റ് ചെയ്തത്. അമേസിങ് ലാസ്റ്റ് നൈറ്റ് വിത്ത് ദ ബോയ്‌സ് എന്ന വിവരണത്തോടെയായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.

ഇന്ത്യ വിജയിച്ചശേഷം ഡ്രസിങ്‌റൂമില്‍ നടത്തിയ വിജയാഘോഷ ചിത്രം ശിഖര്‍ ധവാനും ട്വീറ്റ് ചെയ്തു.

മത്സരത്തില്‍ 63 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യത്തന മുന്നില്‍ ദക്ഷിണാഫ്രിക്ക 177ന് കീഴടങ്ങുകയായിരുന്നു. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഭുവനേശ്വര്‍ കുമാറാണ് കളിയിലെ താരം.

ആദ്യ രണ്ട് മത്സരവും ജയിച്ച് നേരത്തെ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരുന്നു.