സൂപ്പര്‍ താരം പുറത്ത്, ലോക കപ്പില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി

ലോക കപ്പില്‍ വിജയങ്ങളുമായി മുന്നേറുന്ന ടീം ഇന്ത്യക്ക്  വലിയ തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോക കപ്പ് ടീമില്‍ നിന്നും പുറത്തായി. ഓസ്‌ട്രേലിയക്കെതിരെ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് ഏറ്റ പരിക്കാണ് ധവാന് തിരിച്ചടിയായത്.

മൂന്നാഴ്ച്ചത്തേയ്ക്ക് ധവാന് കളിക്കാനാകില്ല. ഇതോടെ ധവാന് പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യ നിര്‍ബന്ധിതരാകും.

ധവാന്റെ കൈവിരലിന് ഏറ്റ പരിക്കില്‍ നടന്നത്തിയ സ്‌കാനിംഗില്‍ പൊട്ടലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഡോക്ടര്‍മാര്‍ മൂന്ന് ആഴ്ചത്തെ വിശ്രമം വിധിച്ചത്. ധവാന്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് ഇടതു തള്ളവിരലില്‍ പതിക്കുകയായിരുന്നു. പിന്നീട് കടുത്ത വേദന സഹിച്ചു കൊണ്ടായിരുന്നു താരം പിന്നീട് ബാറ്റ് ചെയ്തത്.

ധവാന്റെ അഭാവത്തില്‍ കെഎല്‍ രാഹുലാകും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ഇതോടെ ദിനേഷ് കാര്‍ത്തിക്കോ, വിജയ് ശങ്കറോ മധ്യനിരയില്‍ തിരിച്ചെത്തും.

വ്യാഴാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ന്യൂസിലന്‍ഡാണ് എതിരാളി. നേരത്തെ ലോക കപ്പിലെ ആദ്യ രണ്ട് മത്സരവും ഇന്ത്യ വിജയിച്ചിരുന്നു.