പന്തിനെ ഒഴിവാക്കി എന്തുകൊണ്ട് സഞ്ജുവിനെ കളിപ്പിച്ചു? വെളിപ്പെടുത്തലുമായി ധവാന്‍

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ സഞ്ജു സാംസണ്‍ ടീം ഇന്ത്യയില്‍ ഇടംപിടിച്ചത് ഒരുവിഭാഗം ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനെ പുറത്തിരുത്തിയാണ് സഞ്ജുവിനെ കോഹ്ലി ടീമിലെടുത്തത്. നീണ്ട എട്ട് മത്സരത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമില്‍ നാലു വര്‍ഷത്തിന് ശേഷം പ്ലേയിംഗ് ഇലവനില്‍ കളിക്കാനായത്.

മത്സരത്തില്‍ ഒരു സ്റ്റമ്പിംഗ് ഉള്‍പ്പെടെ മികച്ച കീപ്പിംഗ് പ്രകടനം കാഴ്ച്ചവെച്ച സഞ്ജുവിന് പക്ഷെ ബാറ്റിംഗില്‍ തിളങ്ങാനായില്ല. ആദ്യ പന്ത് സിക്‌സ് അടിച്ച് തുടങ്ങിയ സഞ്ജുവിന് രണ്ടാം പന്തില്‍ എബിയില്‍ വിക്കറ്റ് നഷ്ടപ്പെടുത്താനായിരുന്നു വിധി.

എങ്കിലും ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20യില്‍ സഞ്ജുവിന് വീണ്ടും ടീമിലെത്താനായി. ശിഖര്‍ ധവാന് പരിക്കേറ്റതാണ് സഞ്ജുവിന് തുണയായത്. ഇപ്പോള്‍ ലങ്കയ്‌ക്കെതിരെ പന്തിനെ അവഗണിച്ച് സഞ്ജുവിനെ പരിഗണിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ധവാന്‍.

ടി20 ലോക കപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കണമെന്നാണ് ടീം മാനേജുമെന്റിന്റെ തീരുമാനമെന്നും പരമാവധി നന്നായി കളിയ്ക്കുന്നവരെ കണ്ടെത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും ധവാന്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണത്രെ സഞ്ജുവിന് ടീം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കിയത്. പരീക്ഷണങ്ങളിലൂടെ മികച്ച ടീം ഇന്ത്യയെ കണ്ടെത്താനാകുമെന്നും ധവാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.