അമ്പയറെ അസഭ്യം പറഞ്ഞ് തീരുമാനം തിരുത്തിപ്പിച്ച് ഗില്‍, മത്സരം ബഹിഷ്‌കരിച്ച് എതിരാളികള്‍

രഞ്ജി ട്രോഫിയില്‍ പഞ്ചാബ്-ഡല്‍ഹി മത്സരം വിവാദത്തില്‍. പഞ്ചാബിനായി കളിയ്ക്കുന്ന ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന്റെ പെരുമാറ്റമാണ് മത്സരത്തില്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കിയത്. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം അംഗീകരിക്കാതെ ഗില്‍ അമ്പയര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തുകയായിരുന്നു.

ഇതോടെ ആദ്യമായി രഞ്ജി മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍ പശ്ചിം പതക് സമ്മര്‍ദ്ദത്തിനടിപ്പെട്ട് തീരുമാനം പിന്‍വലിയ്ക്കുകയായിരുന്നു. ഇത് കൂടുതല്‍ കൂഴപ്പത്തിന് കാരണമായി. തീരുമാനം പിന്‍വലിച്ച അമ്പയറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹി ടീം ഒന്നാകെ കളിയില്‍ നിന്നും പിന്‍വാങ്ങി.

ഡല്‍ഹിയിലെ ഐ.എസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ നടക്കുന്ന രഞ്ജി മത്സരത്തിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കീപ്പര്‍ക്ക് ക്യാച്ച് നല്‍കി ഗില്‍ പുറത്തായെന്നായിരുന്നു അമ്പയര്‍ പശ്ചിം പതക് വിധിച്ചത്. എന്നാല്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തെ അംഗീകരിക്കാന്‍ തയ്യാറാവാതിരുന്ന ശുഭ്മാന്‍ ഗില്‍ ക്രീസ് വിട്ടുപോകാന്‍ തയ്യാറായില്ല. മാത്രമല്ല അമ്പയര്‍ക്ക് നേരെ ഗില്‍ അസഭ്യവര്‍ഷം നടത്തിയതായും ആരോപണമുണ്ട്. ഡല്‍ഹി ഉപനായകന്‍ നിതീഷ് റാണയാണ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്.

ഇതോടെ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരം നിയന്ത്രിക്കുന്ന പശ്ചിം പതക് സമ്മര്‍ദത്തിലാവുകയും തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ഇതോടെ ഡല്‍ഹി ടീം ഒന്നാകെ മൈതാനത്തു നിന്നും പ്രതിഷേധവുമായ പിന്‍വാങ്ങി. പിന്നീട് മാച്ച് റഫറി ഇടപെട്ടാണ് കളി പുനരാരംഭിച്ചത്.

ബാറ്റിംഗ് പുനരാരംഭിച്ച ഗില്‍ വൈകാതെ പുറത്താവുകയും ചെയ്തു. 41 പന്തുകളില്‍ നിന്നും 23 റണ്‍ നേടിയ ഗില്ലിനെ കീപ്പര്‍ തന്നെയാണ് പിടിച്ചു പുറത്താക്കിയത്.