അഞ്ചാം ടെസ്റ്റിന്റെ കാര്യത്തില്‍ അന്തിമ വാക്ക് ദാദയുടേത്; തീരുമാനം അധികം വൈകില്ല

കോവിഡ് ഭീതിയില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ഉപേക്ഷിച്ച മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ കാര്യത്തില്‍ നിര്‍ണായകമാകുക ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുട നിലപാട്. ടെസ്റ്റ് ഉപേക്ഷിച്ചതുമൂലം ഇസിബി (ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്)ക്കുണ്ടായ നഷ്ടത്തിന് പരിഹാരം കാണേണ്ടതടക്കമുള്ള ദൗത്യങ്ങള്‍ ദാദയെ കാത്തിരിക്കുന്നു.

മാഞ്ചസ്റ്റര്‍ ടെസ്റ്റിന് പകരമായി മറ്റൊരു മത്സരം അടുത്ത വര്‍ഷം കളിക്കാനാണ് ഇന്ത്യയും ഇംഗ്ലണ്ടും ആലോചിക്കുന്നത്. സെപ്റ്റംബര്‍ 22ന് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഗാംഗുലി ബ്രിട്ടന്‍ സന്ദര്‍ശിക്കുന്നുണ്ട്. ആ സമയത്ത് ഇസിബി സിഇഒ ടോം ഹാരിസനുമായും ചെയര്‍മാന്‍ ഇയാന്‍ വാട്ട്‌മോറുമായും ഗാംഗുലി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ അവസാന ടെസ്റ്റ് സംബന്ധിച്ച രൂപരേഖ തയാറാക്കുകയാണ് ഗാംഗുലിയുടെ ലക്ഷ്യം.

ഇന്‍ഷ്വറന്‍സ് കവറേജിന്റെ അഭാവത്തില്‍, മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിലൂടെ ഏകദേശം 407 കോടി രൂപയുടെ (40 മില്യണ്‍ പൗണ്ട്) നഷ്ടം ഇസിബി അഭിമുഖീകരിക്കുന്നുണ്ട്. ടെലിവിഷന്‍ സംപ്രേക്ഷണാവകാശം, ടിക്കറ്റ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വകയിലാണ് നഷ്ടമുണ്ടാകുന്നത്. ഇതു സംബന്ധിച്ചും ഗാംഗുലിയും ഇസിബി അധികൃതരും ചര്‍ച്ച നടത്തുമെന്ന് അറിയുന്നു.

ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് ഫിസിയോയ്ക്ക് കോവിഡ് ബാധിച്ചതാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിന് വിഘാതം സൃഷ്ടിച്ചത്. കളത്തിലിറങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിമുഖത കാട്ടിയതോടെ ടെസ്റ്റ് തത്കാലം വേണ്ടെന്നുവയ്ക്കുകയായിരുന്നു.