യുണൈറ്റഡിനോട് തീരാപ്രണയം, രണ്ടാം വരവ് ഫെര്‍ഗൂസനുവേണ്ടി; ക്രിസ്റ്റ്യാനോയുടെ വികാരനിര്‍ഭരമായ കുറിപ്പ്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാം വരവിന്റെ ലഹരിയിലാണ് ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകര്‍. സിആര്‍7നുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നാണ് സ്ഥിരീകരിച്ചത്. വികാരനിര്‍ഭരമായ കുറിപ്പിലൂടെ, മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടുള്ള ഒരിക്കലും തീരാത്ത ഇഷ്ടം ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നു.

എന്നെ അറിയാവുന്നവര്‍ക്കെല്ലാം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് എനിക്കുള്ള അടങ്ങാത്ത പ്രണയത്തെ കുറിച്ച് അറിയാം. ഈ ക്ലബ്ബില്‍ ചെലവിട്ട വര്‍ഷങ്ങള്‍ തീര്‍ച്ചയായും അതിമനോഹരമായിരുന്നു. ക്ലബ്ബും ഞാനും ഒരുമിച്ച് നടത്തിയ യാത്ര ഈ മഹത്തായ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തപ്പെട്ടതാണ്.

ഓള്‍ഡ് ട്രാഫോര്‍ഡിലേക്കുള്ള എന്റെ തിരിച്ചുവരവ് ലോകത്തെ അറിയിക്കുമ്പോള്‍ വികാരങ്ങള്‍ പങ്കുവയ്ക്കാനാവുന്നില്ല. സ്വപ്‌നസാഫല്യമാണിത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കളിച്ച കാലത്ത് ഒരു എതിരാളിയായി പോലും ഓള്‍ഡ് ട്രാഫോര്‍ഡിലെ ഗാലറിയുടെ സ്‌നേഹവും പിന്തുണയും അനുഭവിച്ചറിഞ്ഞു.

എന്റെ ആദ്യത്തെ ലീഗ് കിരീടം, ലീഗ് കപ്പ്, പോര്‍ച്ചുഗീസ് ടീമിലേക്കുള്ള ആദ്യ വിളി, ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം, ആദ്യത്തെ ഗോള്‍ഡന്‍ ബൂട്ട്, ആദ്യത്തെ ബാലണ്‍ ഡി ഓര്‍ എന്നിവയെല്ലാം ചുവന്ന ചെകുത്താന്‍മാരുമായുള്ള സവിശേഷമായ ബന്ധത്തില്‍ നിന്ന് പിറവിയെടുത്തതാണ്. ചരിത്രം എഴുതപ്പെട്ടുകഴിഞ്ഞു. ചരിത്രം പുനര്‍രചിക്കപ്പെടും. നിങ്ങള്‍ക്ക് ഞാന്‍ വാക്ക് തരുന്നു. ഞാന്‍ ഇവിടെ എത്തി, ഞാനുണ്ടായിരുന്നയിടത്ത്. ഒരിക്കല്‍ക്കൂടി അതെല്ലാം ആവര്‍ത്തിക്കാന്‍. സര്‍, അലക്‌സ് ഇതു നിങ്ങള്‍ക്കുവേണ്ടിയാണ്.