കോഹ്ലിയെ പുറത്താക്കൂ, രോഹിത്ത് നായകനാകട്ടേയെന്ന് മുറവിളി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ ഒരിക്കല്‍ കൂടി കിരീടനേട്ടത്തില്‍ എത്തിച്ചതോടെ രോഹിത്ത് ശര്‍മ്മയെന്ന നായകന്‍ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. കേവലം ആറ് വര്‍ഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യന്‍സ് രോഹിത്തിന് കീഴില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്നത്.

2013ലായിരുന്നു രോഹിത് ശര്‍മയ്ക്ക് കീഴില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യകിരീടം നേടുന്നത്. 2015-ലും 2017-ലും അതാവര്‍ത്തിച്ചു. ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് നാലാമതും.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിച്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ് അവസാനിച്ചത്. ബംഗളൂരുവിന് ഇതുവരെ ഐപിഎല്‍ കിരീടം സ്വന്തമാക്കാനായിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.

ഇതോടെ ലോക കപ്പിലും തുടര്‍ന്നും ഇന്ത്യന്‍ ടീമിനെ രോഹിത്ത് നയിക്കട്ടെ എന്നാണ് ഒരുവിഭാഗം ആരാധകര്‍ പറയുന്നത്. നിരവധി പോസ്റ്റുകളാണ് ഈ ആവശ്യം ഉന്നയിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.