ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതിയില്ലാതെ കരാര്‍; താരങ്ങളും ഫ്രാഞ്ചൈസിയും വെട്ടില്‍

വിദേശ താരങ്ങളില്‍ ചിലരുടെ പിന്മാറ്റം പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ ഐപിഎല്‍ ഫ്രാഞ്ചൈസികളെ നിര്‍ബന്ധിതരാക്കുന്നു. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടം സെപ്റ്റംബറില്‍ യുഎഇ വേദിയാക്കി നടക്കാനിരിക്കെയാണ് കളിക്കാരുടെ എണ്ണക്കുറവ് നികത്താന്‍ ടീമുകള്‍ യത്‌നിക്കുന്നത്. ശ്രീലങ്കന്‍ താരങ്ങളായ വാനിന്ദു ഹസരങ്കയെയും ദുഷ്മന്ത ചമീരയെയും കൂടെക്കൂട്ടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇപ്പോള്‍ കുടുക്കിലായിരിക്കുകയാണ്.

ഐപിഎല്‍ കളിക്കാന്‍ ഹസരങ്കയും ചമീരയും അനുമതി തേടിയിട്ടില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ പറഞ്ഞു. താരങ്ങളുടെ ഐപിഎല്‍ പ്രവേശത്തെ കുറിച്ച് അറിഞ്ഞിട്ടില്ല. ഓഗസ്റ്റ് അവസാനംവരെ ലങ്കയില്‍ ലോക്ക്ഡൗണുണ്ട്. അതിനുശേഷം വിഷയത്തില്‍ തീരുമാനമെടുക്കും. താരങ്ങളില്‍ നിന്ന് എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ ലഭിച്ചില്ലെന്നും ഡി സില്‍വ അറിയിച്ചു.

വര്‍ഷാദ്യം നടന്ന ഐപിഎല്‍ ലേലത്തില്‍ ഹസരങ്കയെയും ചമീരയെയും ഒരു ടീമും വാങ്ങിയിരുന്നില്ല. എന്നാല്‍ ന്യൂസിലന്‍ഡിന്റെ ഫിന്‍ അലനും സ്‌കോട്ട് കഗെലെയ്‌നും ഐപിഎല്‍ രണ്ടാം ഘട്ടത്തില്‍ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പായതോടെ ലങ്കന്‍ താരങ്ങളെ ആര്‍സിബി ടീമിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസ് ആയ താരമാണ് ഹസരങ്ക.