'ലോകകപ്പിനായി ഞങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതില്‍ ആശങ്കയുണ്ട്'; പോര് മുറുക്കാന്‍ തുനിഞ്ഞിറങ്ങി പാകിസ്ഥാന്‍

ലോകകപ്പിനായി ഞങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കാന്‍ ആശങ്കയുണ്ടെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി. ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരാന്‍ ആശങ്കയുണ്ടെങ്കില്‍ ആ ആശങ്ക തന്നെ പാക് ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിലും ഉണ്ടെന്ന് സേഥി പറഞ്ഞു. ഇക്കാര്യം ഐസിസി മീറ്റിംഗില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ടീമുകളും പാകിസ്ഥാനിലേക്കു കളിക്കാന്‍ വരുന്നുണ്ട്. അവര്‍ക്കൊന്നും യാതൊരു പരാതിയുമില്ല. ഇന്ത്യ മാത്രം എന്താണ് സുരക്ഷയില്‍ ഇത്ര ആശങ്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ ഏകദിന ലോകകപ്പിനായി ഞങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കുന്നതിലും ആശങ്കയുണ്ട്. ഇക്കാര്യങ്ങള്‍ വരുന്ന യോഗങ്ങളില്‍ ഞാന്‍ പറയും. ഇന്ത്യയുടെ ഈ നിലപാടിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ക്കാകില്ല. ഞങ്ങള്‍ക്ക് ഏഷ്യാ കപ്പ് നടത്തേണ്ടതാണ്.

നിലവിലെ സാഹചര്യത്തേക്കുറിച്ചു പാകിസ്ഥാന്‍ സര്‍ക്കാരിനോടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യ ഏഷ്യാ കപ്പിനു വന്നില്ലെങ്കിലും ലോകകപ്പിനായി അങ്ങോട്ടു പോകാന്‍ അവര്‍ നിര്‍ദേശിച്ചാല്‍ ഞങ്ങള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും? പോകണ്ട എന്നാണു പറയുന്നതെങ്കില്‍ അത് ഇന്ത്യയുടേതിനു സമാനമായ സാഹചര്യമാകും- നജാം സേഥി പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം ഈ മാസം നടക്കാനിരിക്കെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍ നിലപാടു വ്യക്തമാക്കിയത്. ഏഷ്യാകപ്പിന് ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് ബിസിസിഐ. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം യുഎഇയില്‍ നടത്താനും ആലോചിക്കുന്നുണ്ട്.