ധോണിയും ദുബൈയും കാരണമല്ല ചെന്നൈ ജയിച്ചത്, ആ കാരണം കൊണ്ടാണ് അത് സംഭവിച്ചത്; തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യാ പറഞ്ഞത് ഇങ്ങനെ

ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) ഞായറാഴ്ച രാത്രി മുംബൈ ചെന്നൈ ടീമുകൾ ഏറ്റുമുട്ടിയ ക്ലാസിക്ക് പോരാട്ടത്തിൽ ഇരുകൂട്ടരും തമ്മിലുള്ള വ്യത്യാസം മതീശ പതിരണയാണെന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറയുന്നു. ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്ന മത്സരം ചെന്നൈ സൂപ്പർ കിങ്‌സ് 20 റൺസിൻ്റെ വിജയം സ്വന്തമാക്കുക ആയിരുന്നു.

സിഎസ്‌കെയുടെ അവസാന രണ്ട് മത്സരങ്ങളും പരിക്ക് കാരണം നഷ്‌ടമായ പതിരണ, പ്ലെയിംഗ് ഇലവനിൽ ഉൾപ്പെട്ടത് ചെന്നൈക്ക് ശരിക്കും കരുത്തായി. വലംകൈയ്യൻ സീമർ തൻ്റെ ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ്റെയും സൂര്യകുമാർ യാദവിൻ്റെയും വിക്കറ്റുകൾ ഉൾപ്പെടെ 28 റൺസിന് 4 വിക്കറ്റ് വീഴ്ത്തി.

“തീർച്ചയായും ഞങ്ങൾക്ക് ജയിക്കാൻ പറ്റുമായിരുന്നു” മുംബൈയുടെ 207 റൺസ് വിജയലക്ഷ്യത്തെക്കുറിച്ച് പാണ്ഡ്യ പറഞ്ഞു. “എന്നാൽ അവർ നന്നായി പന്തെറിഞ്ഞുവെന്ന് ഞാൻ കരുതുന്നു, പതിരണയായിരുന്നു വ്യത്യാസം. അവൻ വന്ന് വിക്കറ്റുകൾ നേടി, അതേ സമയം ചെന്നൈ അവരുടെ സമീപനത്തിൽ വളരെ മിടുക്കരായിരുന്നു. നീളമേറിയ ബൗണ്ടറി അവർ നന്നായി ഉപയോഗിച്ചു.

“പതിരണ വരുന്നതുവരെ ഞങ്ങൾ നന്നായി കളിച്ചത് ആയിരുന്നു. ചെന്നൈ സ്കോർ ഞങ്ങൾ പിന്തുടരുമെന്ന് ഉറപ്പിച്ചതും ആയിരുന്നു. എന്നാൽ അദ്ദേഹം എത്തിയതോടെ അവർ മത്സരത്തിൽ തിരിച്ചുവന്നു. അവിടെ ഞങ്ങൾക്ക് മത്സരം നഷ്ടമായി.”

മുംബൈ ഇന്ത്യൻസിൻ്റെ തട്ടകമായ വാങ്കഡെ സ്റ്റേഡിയത്തിൽ, ചെന്നൈ ബൗളർമാർ വേഗത കുറഞ്ഞ പന്തുകൾ എറിയുകയും ഫീൽഡ് അനുസരിച്ച് നന്നായി എറിയുകയും ചെയ്തതോടെ കാര്യങ്ങൾ ടീമിന് അനുകൂലമായി. ഷാർദുൽ താക്കൂർ തൻ്റെ ആദ്യ മൂന്ന് ഓവറിൽ 33 റൺസ് മാത്രമാണ് വഴങ്ങിയത്. എന്നാൽ അവസാന ഓവറിൽ രണ്ട് മാത്രം വിട്ടുകൊടുത്ത് ശാർദൂൽ തിരിച്ചെത്തിയതും കളിയിൽ ചെന്നൈ പിടിമുറുക്കുക ആയിരുന്നു. കൂടാതെ തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 16 ആം ഓവറിൽ അദ്ദേഹം വഴങ്ങിയത് മൂന്ന് റൺസ് മാത്രമാണ്. അവിടെ തുടങ്ങി ചെന്നൈ മത്സരം ജയിച്ചു.