സഞ്ജു തഴയപ്പെട്ടതിന് പിന്നില്‍ ടീം മാനേജ്മെന്റിന്റെ ചതി; വിശദീകരിച്ച് മുന്‍ സെലക്ടര്‍

ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്നെല്ലാം സഞ്ജു സാംസണ്‍ തഴയപ്പെട്ടതിന് പിന്നില്‍ ടീം മാനേജ്മെന്റിന്റെ ചതിയെന്ന് മുന്‍ സെലക്ടര്‍ സാബ കരീം. സഞ്ജു തഴയപ്പെട്ടത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും ലോകകപ്പ് മോഹം നല്‍‌കി താരത്തെ ടീം മാനേജ്മെന്‍റ്  വഞ്ചിക്കുകയായിരുന്നെന്നും സാബ കരീം പറഞ്ഞു.

കെ.എല്‍ രാഹുല്‍ ഇല്ലെങ്കില്‍ പകരം ഏകദിന ലോകകപ്പ് ടീമില്‍ ഇടം നല്‍കാമെന്ന് ഇന്ത്യ കണക്കുകൂട്ടിയിരുന്ന താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ രാഹുല്‍ ഫിറ്റ്നസ് വീണ്ടെടുത്തതോടെ സഞ്ജു തഴയപ്പെടുകയായിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനെ നേരത്തെ തന്നെ ഇന്ത്യ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് രാഹുല്‍ മടങ്ങിവരുന്നത്.

ഏഷ്യന്‍ ഗെയിംസ് ടീം പ്രഖ്യാപിക്കുന്ന സമയത്ത് സഞ്ജു ലോകകപ്പ് പദ്ധതികളുടെ ഭാഗമായിരുന്നു. പിന്നീടാണ് കാര്യങ്ങള്‍ മാറിമറിഞ്ഞതും സഞ്ജു ടീമിന് പുറത്താകുന്നതും. ഏഷ്യന്‍ ഗെയിംസില്‍ സഞ്ജുവിനെ പരിഗണിക്കാത്തതിന്റെ കാരണം സെലക്ടര്‍മാര്‍ സഞ്ജുവിനോട് പറഞ്ഞിട്ടുണ്ടാവാം.

നീ സീനിയര്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമായതിനാലാണ് മാറ്റിനിര്‍ത്തിയതെന്നാവും സെലക്ടര്‍മാര്‍ പറഞ്ഞിരിക്കുക. എന്തായാലും സഞ്ജു തഴയപ്പെട്ടത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്. പ്രതിഭയുള്ള താരമാണവന്‍. ഭാവിയില്‍ സഞ്ജുവിന് തിരിച്ചുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു- സാബ കരീം പറഞ്ഞു.