ചതിയന്‍ ചാപ്പല്‍, ധോണിയെ ഗ്രൗണ്ടില്‍ നിര്‍ത്തി മറ്റ് താരങ്ങളെ പുറത്തേക്കെറിഞ്ഞു, അത് ഏറ്റവും മോശം ദിനങ്ങളെന്ന് ഇന്ത്യന്‍ താരം

ഇന്ത്യന്‍ പരിശീലകനായിരുന്ന ഗ്രെഗ് ചാപ്പലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ചാപ്പലിന് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മോശം ദിനങ്ങളായിരുന്നുവെന്ന് ഹര്‍ഭജന്‍ സിംഗ് തുറന്നടിക്കുന്നു.

ധോനിയെ കണക്കു കൂട്ടി കളിക്കുന്ന ഫിനിഷറിലേക്ക് വളര്‍ത്തിയത് താനാണെന്ന ഗ്രെഗ് ചാപ്പല്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പ്രതികരണമായാണ് ഹര്‍ഭജന്റെ ആരോപണം. ഗ്രൗണ്ടില്‍ നിലയുറപ്പിക്കാന്‍ ധോണിയോട് പറഞ്ഞത് കോച്ച് എല്ലാവരേയും ഗ്രൗണ്ടിന് പുറത്തേക്കെറിയുന്നത് കൊണ്ടാണ് എന്നാണ് ഹര്‍ഭജന്‍ പരിഹസിക്കുന്നത്. പല പല കളികളാണ് അദ്ദേഹത്തിന്റേതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും പവര്‍ഫുള്‍ ആയ ബാറ്റ്സ്മാനാണ് ധോണിയെന്ന് കഴിഞ്ഞ ദിവസം ഗ്രെഗ് ചാപ്പല്‍ അഭിപ്രായപ്പെട്ടിരുന്നു. 2005-ലെ ശ്രീലങ്കയ്ക്കെതിരായ പര്യടനത്തിലാണ് ധോണിയുടെ ഫിനിഷിങ്ങിലെ സമീപനം താന്‍ മാറ്റിച്ചതെന്നും ഗ്രെഗ് ചാപ്പല്‍ അവകാശപ്പെട്ടു. ഓരോ പന്തിലും ബൗണ്ടറി കണ്ടെത്താന്‍ ശ്രമിക്കുന്നതിന് പകരം കണക്കു കൂട്ടി നിന്ന് കളി ഫിനിഷ് ചെയ്തു കൂടെയെന്ന് താന്‍ ധോണിയോട് ചോദിച്ചു. ധോണി പിന്നീട് ആ രീതിയാണ് സ്വീകരിച്ചതെന്ന് ചാപ്പല്‍ പറയുന്നു.

2005-ല്‍ നായകനായിരുന്ന ഗാംഗുലിയുടെ താത്പര്യത്തെ തുടര്‍ന്നാണ് ഗ്രെഗ് ചാപ്പല്‍ പരിശീലകനാവുന്നത്. എന്നാല്‍ ആ തീരുമാനം തന്റെ കരിയറിലെ വലിയ തെറ്റായിരുന്നു എന്ന് ഗാംഗുലി പിന്നീട് പറയുകയുണ്ടായി. ഓസ്ട്രേലിയയില്‍ എന്റെ ബാറ്റിംഗ് പരിശീലകനായിരിക്കെ മറ്റൊരു ഗ്രെഗ് ചാപ്പലിനെയാണ് ഞാന്‍ അറിഞ്ഞത്. എന്നാല്‍ ഞങ്ങളുടെ ബന്ധം എങ്ങനെ തകര്‍ന്നു എന്നെനിക്ക് അറിയില്ല. 2007 ലോക കപ്പിന് ശേഷം ഗ്രെഗ് ചാപ്പലിനോട് സംസാരിച്ചിട്ടില്ലെന്നും ഗാംഗുലി പറഞ്ഞു. സച്ചിനോടും നല്ല ബന്ധമായിരുന്നില്ല, പരിശീലകനായിരിക്കെ ചാപ്പലിന്.