ബംഗ്ലാദേശിനെതിരായ ചാമ്പ്യൻസ് ട്രോഫി 2025 മത്സരത്തിൽ വിരാട് കോഹ്‌ലി വലിയ സ്‌കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശേഷം മുൻ ഇന്ത്യൻ ബാറ്റർ സഞ്ജയ് മഞ്ജരേക്കർ വിരാട് കോഹ്‌ലിയെക്കുറിച്ച് ഒരു നിരീക്ഷണം നടത്തി രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റ് ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് വ്യത്യസ്തമായി കോഹ്‌ലിക്ക് ഇനി പവർ ഗെയിം കളിക്കാൻ കഴിയില്ല എന്നും കളി രീതി മാറിയെന്നും മഞ്ജരേക്കർ പറഞ്ഞു.
ഏകദിനത്തിൽ 14,000 റൺ എന്ന നാഴികല്ലിനോട് അടുക്കുന്ന കോഹ്‌ലി തൻ്റെ അവസാന അഞ്ച് ഏകദിനങ്ങളിലും ലെഗ് സ്പിന്നർമാരുടെ മുന്നിൽ ആണ് വീണത്. കഴിഞ്ഞ വർഷം ശ്രീലങ്കയിൽ വനിന്ദു ഹസരംഗയും ജെഫ്രി വാൻഡർസെയും ചേർന്ന് അദ്ദേഹത്തെ പുറത്താക്കി, ഇംഗ്ലണ്ടിനെതിരായ മുൻ പരമ്പരയിൽ ആദിൽ റഷീദ് രണ്ട് തവണ താരത്തെ മടക്കി. ചാമ്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ 38 പന്തിൽ 22 റൺസെടുത്ത കോഹ്‌ലിയെ റിഷാദ് ഹൊസൈൻ മടക്കുക ആയിരുന്നു.
ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ച മത്സരത്തിന് ശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
“വിരാട് കോഹ്‌ലി കടുത്ത സമ്മർദ്ദത്തിലാണ്. അവന്റെ രീതികളിൽ നിന്ന് അത് വ്യക്തമാണ്. അവന് ആത്മവിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞു. അവന് ആത്മവിശ്വാസം ഉണ്ടെന്ന് കാണിക്കാൻ പറ്റുന്നില്ല. എന്നാൽ മറിച്ച് രോഹിത് ശർമ്മയുടെ കാര്യം വ്യത്യസ്തമാണ്. അവൻ മികച്ച രീതിയിലാണ് കളിക്കുന്നത്.”
“പഴയത് പോലെ വലിയ ഷോട്ട് കളിക്കാനൊന്നും കോഹ്‌ലിക്ക് പറ്റില്ല. വളരെ കുറച്ച് മാത്രമേ വലിയ ഷോട്ടുകൾ കളിക്കാൻ അവന് സാധിക്കുക ഉള്ളു”
നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് മുൻ ഇന്ത്യൻ നായകൻ തന്റെ സെഞ്ച്വറി നേടിയത്. എന്നിരുന്നാലും, അന്നുമുതൽ അദ്ദേഹത്തിൻ്റെ ഫോം താഴേക്ക് പോയി, ഫോർമാറ്റുകളിലുടനീളം അദ്ദേഹം സ്ഥിരത കണ്ടെത്താൻ ബുദ്ധിമുട്ടി.