പാകിസ്ഥാൻ പ്രധാന ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ന് നാളെ തുടകമാകുകയാണ്. ആദ്യ മത്സരം പാകിസ്ഥാനും ന്യുസിലാൻഡും തമ്മിലാണ് നടക്കുന്നത്. ഫെബ്രുവരി 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. എതിരാളികൾ ബംഗ്ലാദേശാണ്. മികച്ച ടീം ആയിട്ട് തന്നെയാണ് ബംഗ്ലാദേശിന്റെ വരവ്.
ഇത്തവണ ഇന്ത്യയെ തകർക്കാനുള്ള ടീം ബലം ബംഗ്ലാദേശിനുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ജസ്പ്രീത് ബുംറ ടീമിൽ ഇല്ലാത്തത് ഇന്ത്യക്ക് കിട്ടിയ വലിയ തിരിച്ചടിയാണ്. ഇന്ത്യയെ ഇത്തവണ തോല്പിക്കുമെന്നും അവരുടെ ബോളിങ് യൂണിറ്റ് വലിയ ശക്തരല്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബംഗ്ലാദേശ് ഓപണർ ഇംറുല്‍ ഖയസ്.
ഇംറുല്‍ ഖയസ് പറയുന്നത് ഇങ്ങനെ:
” ഇന്ത്യയുടേത് വളരെ ശക്തമായ നിരയാണ്. ബാറ്റിങ് ലൈനപ്പും ബൗളിങ് ആക്രമണവും ശക്തമാണ്. പക്ഷേ, ജസ്പ്രീത് ബുംറ സ്‌ക്വാഡില്‍ ഇല്ല. ഇന്ത്യന്‍ ക്രിക്കറ്റിനായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അദ്ദേഹം എന്താക്കെയാണ് ചെയ്തിട്ടുള്ളതെന്നു നമുക്കെല്ലാം അറിയാം. ബുംറയുടെ അഭാവം മുതലെടുക്കാനുള്ള അവസരമാണ് ബംഗ്ലാദേശിനു മുന്നിലുള്ളത്. പകരം മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഷമി ഇതുവരെയും താളം കണ്ടെത്തിയിട്ടില്ല” ഇംറുല്‍ ഖയസ് പറഞ്ഞു.
ഇന്ത്യൻ ടീമിൽ ജസ്പ്രീത് ബുംറ പുറത്തായതോടെ ഇത്തവണത്തെ കിരീടം നേടാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഈ ടൂർണമെന്റ് പരിശീലകനായ ഗൗതം ഗംഭീറിനും, ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വളരെ നിർണായകമാണ്.







