ഒരു പന്ത് കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ ഇങ്ങനെ വട്ടം കറക്കാന്‍ മറ്റൊരാള്‍ക്ക് പറ്റുമോ?

ഒരു പന്ത് കൊണ്ട് ബാറ്റ്‌സ്മാന്‍മാരെ ഇങ്ങനെ വട്ടം കറക്കാന്‍ മറ്റൊരാള്‍ക്ക് പറ്റുമോ? അതും ഉപഭൂഖണ്ഡത്തിന് പുറത്തെ പേസ് പിച്ചുകളില്‍ പോലും. ഷെയ്ന്‍ വോണ്‍ നമ്മുടെയൊക്കെ ആരൊക്കൊയോ ആയിരുന്നു.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കടുത്ത എതിരാളി ആയിട്ടും സച്ചിനെ പോലെ ഇന്ത്യന്‍ ജനത ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്ത ഒരു മനുഷ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ തലകള്‍ വളരെ പെട്ടെന്ന് കൊയ്തു കൊണ്ട് എതിര്‍ ടീമിന്റെ ഇന്നിംഗ്‌സുകള്‍ അതിവേഗം അവസാനിപ്പിക്കുന്നത് പോലെ ജീവിതത്തില്‍ നിന്നും അതിവേഗം അസ്തമിക്കുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ ക്രിക്കറ്റ് പ്രേമികള്‍ അത്രയേറെ വിഷമിക്കുകയാണ്.

നന്ദി ഷെയ്ന്‍ വോണ്‍. മറഡോണയെ പോലെ താങ്കളുടെ കളത്തിനു പുറത്തെ സ്വഭാവ വിശേഷങ്ങള്‍ അനുകരിക്കാന്‍ പറ്റാവുന്നതല്ലെങ്കിലും അദ്ദേഹത്തെ പോലെ മൈതാനത്തെ ഇന്ദ്രജാലങ്ങള്‍ തീര്‍ത്ത് താങ്കള്‍ സമ്മാനിച്ച നിമിഷങ്ങള്‍ എങ്ങനെ മറക്കാനാകും?

ഗ്ലെന്‍ മക്ഗ്രാത്ത്, ബ്രെറ്റ് ലീ ,ഗില്ലസ്പി തുടങ്ങിയ അതിവേഗക്കാര്‍ക്കിടയില്‍ ഷെയ്ന്‍ വോണ്‍ ഇല്ലാത്ത ഒരു ഓസീസ് ടീമിനെ സങ്കല്പിക്കാന്‍ നിങ്ങള്‍ക്ക് പറ്റുന്നില്ലെങ്കില്‍ അത് തന്നെയാണ് മെരുങ്ങാത്ത പിച്ചുകളെ തന്റെ വരുതിയിലേക്ക് കൊണ്ടു വന്ന ആ സ്പിന്‍ മജീഷ്യന്‍ അവശേഷിപ്പിക്കുന്ന അടയാളങ്ങളും. ആദരാഞ്ജലികള്‍ ‘ഷെയ്ന്‍ കീത്ത് വോണ്‍ ‘