ഭുംറയ്ക്ക് രൂക്ഷ വിമര്‍ശനം, ഭുവനേശ്വറിന് പ്രശംസ

ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ യുവ പേസ് ബൗളര്‍ ജസ്പ്രിത് ഭുംറയ്‌ക്കെതിരെ വിമര്‍ശനവുമായി വെസ്റ്റിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിംഗ്. വിദേശ പിച്ചുകളില്‍ ന്യൂബോള്‍ എറിയുന്നതില്‍ ഭുംറയ്ക്ക് മികവ് പുലര്‍ത്താന്‍ കഴിയില്ലെന്നാണ് ഹോള്‍ഡിംഗ് തുറന്ന് പറയുന്നത്.

അതെസമയം ഭുവനേശ്വര്‍ കുമാറിനെ പ്രശംസകൊണ്ട് മൂടാനും ഹോള്‍ഡിംഗ് മറന്നില്ല വിദേശപിച്ചുകളില്‍ ഭുംറയേക്കാള്‍ മികച്ച ബൗളര്‍ ഭുവനേശ്വര്‍ കുമാറാണൈന്ന് മൈക്കല്‍ ഹോള്‍ഡിംഗ് തുറന്ന് പറയുന്നു.

” ന്യുബോള്‍ എറിയുന്നതില്‍ മികവ് പുലര്‍ത്താന്‍ ബുംറയ്ക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. പുതിയ പന്തെടുത്ത് എറിയുമ്പോള്‍ വലംകയ്യന്‍ബാറ്റ്സ്മാന്‍ക്കെതിരെ ഭുംറ ബുദ്ധിമുട്ടുന്നുണ്ട്. അത് കൊണ്ട് തന്നെ വിദേശ പിച്ചുകളില്‍ ഭുംറയേയല്ല, ഞാന്‍ ഭുവനേശ്വര്‍ കുമാറിനെയാണ് തെരഞ്ഞെടുക്കുന്നത്,” ഹോള്‍ഡിംഗ് പറഞ്ഞു.

ജൂലൈയില്‍ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം മുന്‍ നിര്‍ത്തിയാണ് ഹോള്‍ഡിംഗിന്റെ വിലയിരുത്തല്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഇംഗ്ലീഷ് പിച്ചുകളില്‍ ഇഷാന്ത് ശര്‍മ്മയെയും മുഹമ്മദ് ഷമിയെയും താന്‍ പരിഗണിക്കുമെന്നും ഹോള്‍ഡിംഗ് പറഞ്ഞു.

Read more

1975 മുതല്‍ 1987 വരെ വിന്‍ഡീസ് ക്രിക്കറ്റില്‍ സജീവമായിരുന്ന ഹോള്‍ഡിംഗ് ലോകത്തെ മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. 60 ടെസ്റ്റ് മത്സരങ്ങളും 102 ഏകദിനങ്ങളുമാണ് ഹോള്‍ഡിംഗ് വിന്‍ഡീസ് ജഴ്‌സി അണിഞ്ഞത്. ടെസ്റ്റില്‍ 249 വിക്കറ്റുകളും ഏകദിനത്തില്‍ 142 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.