പുജാരയെ 'സ്റ്റീവ്' എന്ന് വിളിച്ചതിന് മാപ്പ് പറഞ്ഞ് ബ്രൂക്‌സ്; വിവാദ ട്വീറ്റുകളിലും ഖേദ പ്രകടനം

കൗണ്ടി ക്രിക്കറ്റ് ടീം യോര്‍ക്ഷയറിനുവേണ്ടി കളിക്കുന്ന കാലത്ത് ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയ്ക്ക് ‘സ്റ്റീവ്’ എന്ന് വിളിപ്പേരിട്ടതില്‍ മാപ്പ് ചോദിച്ച് പേസര്‍ ജാക്ക് ബ്രൂക്‌സ്. വിവാദപരമായ ട്വീറ്റുകളിലും ബ്രൂക്‌സ് ഖേദം പ്രകടിപ്പിച്ചു. വംശ വിവേചനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം ഇംഗ്ലീഷ് ക്രിക്കറ്റിനെ ഉലയ്ക്കുന്ന പശ്ചാത്തലത്തിലാണ് ബ്രൂക്‌സിന്റെ നടപടി. വംശീയ അധിക്ഷേപത്തിനെതിരെ യോര്‍ക്ഷയര്‍ താരം അസീം റഫീഖ് നല്‍കിയ മൊഴികളില്‍ ബ്രൂക്‌സിനെ കുറ്റപ്പെടുത്തിയിരുന്നു.

ഉച്ചരിക്കാന്‍ പ്രയാസമുള്ള പേരുള്ളവരെയാണ് ‘സ്റ്റീവ്’ എന്ന് വിളിക്കാറ്. പുജാരയെ ഞാന്‍ അങ്ങനെ വിളിച്ച സമയത്ത്, വംശത്തിനും മതത്തിനും അതീതമായി ഇത്തരത്തില്‍ ചെല്ലപ്പേരിടുന്നത് ഡ്രസിംഗ് റൂമില്‍ സര്‍വ്വസാധാരണമായിരുന്നു. ആ പശ്ചാത്തലത്തിലാണ് അങ്ങനെ ചെയ്തത്. എന്നാല്‍ അത് അപമാനകരമാണെന്നും തെറ്റാണെന്നും ഇപ്പോള്‍ തിരിച്ചറിയുന്നു. പുജാരയെ ബന്ധപ്പെടുകയും അദ്ദേഹത്തിനും കുടുംബത്തിനും എന്തെങ്കിലും അപമാനമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുകയും ചെയ്തു- ബ്രൂക്‌സ് പറഞ്ഞു.

2012ലെ രണ്ട് ട്വീറ്റുകളില്‍ ഉപയോഗിച്ച ഭാഷ അംഗീകരിക്കാനാവാത്തതാണെന്ന് സമ്മതിക്കുന്നു. അതില്‍ അഗാധമായി ഖേദിക്കുന്നു. ആ ട്വിറ്റ് കണ്ടവരില്‍ ആര്‍ക്കെങ്കിലും അപമാനമുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും ബ്രൂക്‌സ് അഭ്യര്‍ത്ഥിച്ചു.