ഇംഗ്ലണ്ടിനെ ടെസ്റ്റ് പരിശീലിപ്പിക്കാന്‍ കിവീസ് വെടിക്കെട്ട് വീരന്‍

ന്യൂസിലാന്റ് മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ ടെസ്റ്റ് കോച്ചായേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച കരാറില്‍ മക്കല്ലം സമ്മതം മൂളിയെന്നാണ് വിവരം. മക്കല്ലെത്തെ പരിശീലകനാക്കിയുള്ള പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളില്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ പരിശീലകനാണ് മക്കല്ലം. കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലേക്ക് എത്തിക്കാന്‍ മക്കല്ലത്തിന് കഴിഞ്ഞെങ്കിലും ഈ സീസണില്‍ തികച്ചും നിറം മങ്ങിയ പ്രകടനമാണ് കെകെആറിന്റേത്.

ഇംഗ്ലണ്ടുമായി കരാറിലായാല്‍ മക്കല്ലത്തിന് തന്റെ ആദ്യ അന്താരാഷ്ട്ര കോച്ചിംഗ് അസൈന്‍മെന്റായി വരുന്നത് ന്യൂസിലന്‍ഡിനെതിരായ പരമ്പരയാണ്. ജൂണ്‍ രണ്ട് മുതല്‍ ലോര്‍ഡ്സ്, നോട്ടിംഗ്ഹാം, ലീഡ്സ് എന്നിവിടങ്ങളില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.

ജോ റൂട്ട് രാജിവെച്ചതിനാല്‍ ബെന്‍ സ്‌റ്റോക്‌സിനാണ് നിലവില്‍ ടെസ്റ്റ് ടീമിന്റെ ചുമതല. കുറച്ച് നാളുകളായി അത്ര നല്ല കാലമല്ല ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്, തുടര്‍ തോല്‍വികളോടെ അവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. എന്തായാലും വെല്ലുവിളികളുടെ സമയമാണ് മകല്ലം-സ്റ്റോക്‌സ് സഖ്യത്തിന് മുന്നിലുള്ളത്.