അവസാന ഓവര്‍ എറിഞ്ഞപ്പോള്‍ മനസിലെത്തിയത് ആ നടുക്കുന്ന ഓര്‍മ്മ: മൊയീന്‍ അലി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 10 റണ്‍സിന്റെ നിര്‍ണായക വിജയമാണ് ബംഗളൂരു സ്വന്തമാക്കിയത്. തോല്‍വി ഉറപ്പിച്ച കൊല്‍ക്കത്തയെ അവിശ്വസനീയമായി മത്സരത്തിലേക്ക് റസലും നിതീഷ് റാണയും തിരിച്ചു കൊണ്ട് വന്നപ്പോള്‍ ക്രിക്കറ്റ് ലോകം അത്ഭുതം പ്രതീക്ഷിച്ചു. എന്നാല്‍ അവസാന ഓവറില്‍ അവസരത്തിനൊത്ത് ഉയര്‍ന്ന മൊയീന്‍ അലി ബംഗളൂരുവിന് പത്ത് റണ്‍സിന്റെ അഭിമാന ജയം സമ്മാനിക്കുകയായിരുന്നു.

അവസാന ഓറില്‍ 24 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 13 റണ്‍സ് മാത്രമാണ് മൊയീന്‍ അലി വിട്ടുകൊടുത്തത്.

കൊല്‍ക്കത്തക്കെതിരെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ തന്റെ മനസില്‍ ഓടിയെത്തിയത് നടുക്കുന്ന ഒരോര്‍മ്മയായിരുന്നെന്ന് മത്സരശേഷം മൊയീന്‍ അലി വെളിപ്പെടുത്തി. 2016ലെ ട്വന്റി ലോക കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിന്‍ഡീസ് അവസാന പന്തില്‍ സിക്‌സ് അടിച്ച് ജയിച്ചതാണ് മൊയീന്‍ അലിയെ നടുക്കി എത്തിയ ഓര്‍മ്മ.

അന്ന് വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിയാനെത്തിയത് ബെന്‍ സ്റ്റോക്‌സും. സ്റ്റോക്‌സിനെ തുടര്‍ച്ചയായി നാലു സിക്‌സറുകള്‍ക്ക് പറത്തി കാര്‍ലോസ് ബ്രാത്ത്വെയ്റ്റ് വിന്‍ഡീസിന് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു.

മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലെങ്കില്‍ അയാള്‍ എന്നെ അടിച്ചു പറത്തുമെന്ന് എനിക്കറിയാമായിരുന്നു. അലിയുടെ ആദ്യ പന്തില്‍ നീതീഷ് റാണ സിംഗിളെടുത്ത് സ്‌ട്രൈക്ക് റസലിന് കൈമാറി. അടുത്ത പന്തില്‍ റസല്‍ സിക്‌സടിച്ചെങ്കിലും അടുത്ത രണ്ട് പന്തിലും റണ്‍സെടുക്കാന്‍ റസലിനായില്ല. ഇതോടെ കൊല്‍ക്കത്ത കളി കൈവിടുകയായിരുന്നു. അവസാന പന്തില്‍ നീതീഷ് റാണ സിക്‌സര്‍ നേടിയെങ്കിലും ജയം ബാംഗ്ലൂരിനൊപ്പം നിന്നു.

13 റണ്‍സാണ് അലി അവസാന ഓവറില്‍ വഴങ്ങിയത്. സ്റ്റെയിന്‍ വന്നതോടെ ബാംഗ്ലൂര്‍ ജയിച്ചു തുടങ്ങിയെന്നും എല്ലാ മത്സരങ്ങളിലും ഇനി താങ്കള്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും സ്റ്റെയിനോട് അലി പറഞ്ഞു. 2010 ഏപ്രിലിലാണ് സ്റ്റെയിന്‍ അവസാനമായി ബാംഗ്ലൂരിനായി കളിച്ചത്.