ഭുവനേശ്വര്‍കുമാര്‍ ക്യാച്ച് കൈവിട്ടു, രോഹിത് ശര്‍മ്മ പന്ത് തൊഴിച്ചു തെറിപ്പിച്ചു....!!

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഭൂവനേശ്വര്‍ കുമാര്‍ ക്യാച്ച് കൈവിട്ടതിലെ നിരാശയില്‍ നായകന്‍ രോഹിത് ശര്‍മ്മ പന്ത് തൊഴിച്ചു തെറിപ്പിച്ചു. ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ നടന്ന രണ്ടാമത്തെ ട്വന്റി20 മത്സരത്തില്‍ ആയിരുന്നു സംഭവം.

വെള്ളിയാഴ്ച കൊല്‍ക്കത്ത ഈഡന്‍സ് ഗാര്‍ഡനിലായിരുന്നു മത്സരം. പവല്‍ അടിച്ചു തകര്‍ത്തു കൊണ്ടിരുന്ന 16-ാമത്തെ ഓവറിലായിരുന്നു സംഭവം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഷോര്‍ട്ട ലെംഗ്ത് പന്തില്‍ റോവ്മാന്‍ പവല്‍ കൂറ്റനടിയ്ക്ക് ശ്രമിച്ചെങ്കിലും പന്ത് നേരെ മുകളിലേക്ക് കുത്തി ഉയര്‍ന്നു. എക്‌സ്ട്രാ കവറിലേക്ക് തന്നെ താഴ്ന്നു വന്ന പന്ത് പക്ഷേ ഭൂവനേശ്വര്‍ കുമാറിന് പിടിക്കാനായില്ല. അദ്ദേഹത്തിന്റെ കയ്യില്‍ തട്ടി പന്ത് തെറിച്ചുപോയി. അടിച്ചു തകര്‍ത്തു നില്‍ക്കുകയായിരുന്നു പവലിനെ പുറത്താക്കാന്‍ കിട്ടിയ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്.

ഭുവനേശ്വര്‍ കുമാര്‍ നിരാശയോടെ ഇരുന്നപ്പോള്‍ നായകന്‍ രോഹിത് കടുത്ത നിരാശയില്‍ പന്ത് തൊഴിച്ചു തെറിപ്പിച്ചു. കളിയില്‍ മികച്ച ഫോമിലായിരുന്ന റോവന്‍ പവല്‍ ഈ കിട്ടിയ ലൈഫ് ശരിക്കും ആഘോഷിച്ചു. താരം 40 റണ്‍സ് എടുത്തു നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. പിന്നീട് തകര്‍ത്തടിച്ച് 68 റണ്‍സാണ് പവല്‍ നേടിയത്. അഞ്ചു സിക്‌സറുകളും പറത്തി.