വിവാദങ്ങളില്‍ ബി.സി.സി.ഐയ്ക്ക് അതൃപ്തി; ക്രിക്കറ്റ് മത്സരങ്ങള്‍ കേരളം വിട്ടേക്കും, ആശങ്കയില്‍ കെ.സി.എ

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ കാര്യവട്ടത്ത് നടക്കുന്ന മത്സര ടിക്കറ്റിന്റെ വിനോദ നികുതി വിവാദത്തില്‍ ബിസിസിഐയ്ക്ക് അതൃപ്തി. വിവാദങ്ങള്‍ സംബന്ധിച്ച് ബിസിസിഐ കേരള ക്രിക്കറ്റ് അസോസിയേഷനോട് വിവരങ്ങള്‍ തിരക്കി. രാജ്യാന്തര മത്സരങ്ങള്‍ അനുവദിക്കുമ്പോഴെല്ലാം കേരളത്തില്‍ പലവിധ പ്രശ്‌നങ്ങളും ഉടലെടുക്കുന്നതില്‍ ബിസിസിഐ അതൃപ്തരാണെന്നാണ് വിവരം.

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിലെ ഒരു മത്സരമെങ്കിലും തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് കെസിഎ. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മത്സരം ലഭിക്കാതെ വരുമോയെന്ന ആശങ്കയിലാണ് കെസിഎ.

ഐപിഎല്‍ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്താനുള്ള ആലോചന ബിസിസിഐ നടത്തുന്നുണ്ട്. ഇതിലും തിരുവനന്തപുരം ഒരു വേദിയാകാനുള്ള സാധ്യതയുണ്ട്. പക്ഷേ വിവാദങ്ങളും പ്രശ്‌നങ്ങളും ഈ നീക്കത്തിന് തിരിച്ചടിയാണ്. വനിതാ ഐപിഎലില്‍ കേരളത്തിന് സ്വന്തമായി ഒരു ടീമിനെ ലഭ്യമാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായാണ് ഉയര്‍ത്തിയത്. കഴിഞ്ഞ തവണ നികുതി കുറച്ചിട്ടും ടിക്കറ്റ് വില കുറഞ്ഞില്ലെന്നും സംഘാടകര്‍ അമിതലാഭം എടുക്കാതിരിക്കാനാണ് നികുതി കുറക്കാത്തതെന്നും ഇത്തവണ നികുതി വര്‍ധന കൊണ്ട് കാണികള്‍ക്ക് അധിക ഭാരമില്ലെന്നാണ് മന്ത്രി പറയുന്നത്.

കാര്യവട്ടത്ത് കളി കാണാന്‍ ബിസിസിഐ ടിക്കറ്റ് നിരക്ക് അപ്പര്‍ ടയറിന് 1000 രൂപ, ലോവര്‍ ടയറിന് 2000 എന്നിങ്ങനെയാണ്. 18 ശതമാനം ജിഎസ്ടിയുംകോര്‍പ്പറേഷന്റെ 12 ശതമാനം വിനോദ നികുതിയും ബുക്കിങ് ചാര്‍ജും കൂടിയാകുമ്പോള്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 1445 രൂപയാകും.