ഇ.സി.ബിയുടെ നഷ്ടം നികത്താന്‍ ബി.സി.സി.ഐ; മുന്നില്‍വച്ചത് വമ്പന്‍ ഓഫര്‍

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതു മൂലം ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന് (ഇസിബി) ഉണ്ടായ നഷ്ടം നികത്താന്‍ വന്‍ ഓഫര്‍ വെച്ച് ബിസിസിഐ. ഒരു ടെസ്റ്റിന് പുറമെ രണ്ട് ട്വന്റി20കളും ഇംഗ്ലണ്ടുമായി കളിക്കാമെന്ന വാഗ്ദാനമാണ് ബിസിസിഐ മുന്നില്‍ വെച്ചതെന്ന് അറിയുന്നു.

നിശ്ചിത ഓവര്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വര്‍ഷമാദ്യം ഇംഗ്ലണ്ട് പര്യടനം നടത്തുന്നുണ്ട്. ട്വന്റി20 പരമ്പരയില്‍ രണ്ടു മത്സരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാണ് ഇന്ത്യ സന്നദ്ധത അറിയിച്ചത്. ഇതിനു പുറമെ മാഞ്ചസ്റ്ററിലേതിനു പകരം ഒരു ടെസ്റ്റും കളിക്കും. മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചതിലൂടെ 407 കോടി രൂപയുടെ (40 മില്യണ്‍ പൗണ്ട്) നഷ്ടം ഇസിബിക്കുണ്ടായെന്നാണ് കണക്ക്. ഇതു പരിഹരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

കോച്ച് രവി ശാസ്ത്രിക്കും അസിസ്റ്റന്റ് ഫിസിയോക്കും കോവിഡ് ബാധിച്ചതാണ് അഞ്ചാം ടെസ്റ്റില്‍ നിന്ന് പിന്മാറാന്‍ ഇന്ത്യന്‍ താരങ്ങളെ പ്രേരിപ്പിച്ചത്. കളിക്കാര്‍ വിമുഖത കാട്ടിയതോടെ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ടെസ്റ്റ് തത്കാലം വേണ്ടെന്നു വെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.