'സീരിയസ് ഇൻജുറി': താരങ്ങൾക്ക് പകരക്കാരെ അനുവദിക്കാൻ ബിസിസിഐ

2025-ൽ നടന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ നാലാം ടെസ്റ്റിനിടെ ഋഷഭ് പന്തിന് പരിക്കേറ്റ സാഹചര്യം ​ഗൗരവമായി കണ്ട്, ഗുരുതരമായ പരിക്കുകളുള്ള കളിക്കാരെ മാറ്റിസ്ഥാപിക്കുന്നത് അനുവദിക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). 2025-26 സീസൺ മുതൽ ബിസിസിഐയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ഇവന്റുകളിലെ മൾട്ടി-ഡേ ഇവന്റുകൾക്ക് മാത്രമേ നിലവിൽ ഈ നിയമം ബാധകമാകൂ.

സീരിയസ് ഇൻജുറി വിഭാഗത്തിന് കീഴിലുള്ള പ്ലേയിംഗ് കണ്ടീഷനുകളിൽ ബിസിസിഐ ഒരു പുതിയ ക്ലോസ് ചേർത്തിട്ടുണ്ട്. അതായത്, നടന്നുകൊണ്ടിരിക്കുന്ന ഒരു മത്സരത്തിനിടെ ഗുരുതരമായ പരിക്ക് സംഭവിച്ച ഒരു കളിക്കാരന് പിന്നീട് ഗെയിമിൽ പങ്കെടുക്കാനായെന്നു വരത്തില്ല. അത്തരം സാഹചര്യത്തിൽ പകരക്കാരനെ അനുവദിക്കാം.

കളിക്കിടെയിലും കളിസ്ഥലത്തും വെച്ച് ഗുരുതരമായ പരിക്ക് സംഭവിച്ചാലാണ് ഇത് സാധ്യമാവുക. വരാനിരിക്കുന്ന ആഭ്യന്തര സീസണിന്റെ ആരംഭം കുറിക്കുന്ന 2025 ദുലീപ് ട്രോഫി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ടീമുകൾ ഇരുകൈയും നീട്ടി ഈ നിയമത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, അന്യായമായ നേട്ടത്തിലേക്ക് നയിച്ചേക്കാവുന്ന സാധ്യമായ പഴുതുകൾ ചൂഷണം ചെയ്യുന്നതിനെക്കുറിച്ച് ബോർഡ് ജാഗ്രത പാലിക്കേണ്ടതുണ്ട്. എന്നിരുന്നാലും, മുകളിൽ പറഞ്ഞ നിയമത്തെക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോഡി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

Read more

മാഞ്ചസ്റ്റർ ടെസ്റ്റിനുശേഷം, മത്സരത്തിനിടെ ഗുരുതരമായ പരിക്ക് പറ്റിയ കളിക്കാരെ മാറ്റി പകരം വയ്ക്കുന്നതിനെ ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പിന്തുണച്ചിരുന്നു. മാച്ച് റഫറിമാർക്ക് പരിക്കിന്റെ ഗൗരവം വിലയിരുത്താൻ കഴിയുമെങ്കിൽ, അവർക്ക് അങ്ങനെ തോന്നുന്നുവെങ്കിൽ, പകരം താരത്തെ അനുവദിക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിലവിൽ ഇതിനെ പിന്തുണക്കുന്ന നിയമമില്ല.