രഞ്ജി ട്രോഫി, നിര്‍ണായക പ്രഖ്യാപനവുമായി ബി.സി.സി.ഐ

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റായ രഞ്ജി ട്രോഫി നീട്ടിവെച്ചു. രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ മാസം ആരംഭിക്കാനിരിക്കുന്ന രഞ്ജിയുടെ പുതിയ സീസണ്‍ അനിശ്ചിതമായി മാറ്റിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചത്.

രഞ്ജി ട്രോഫി മാത്രല്ല രാജ്യത്തു നടക്കുന്ന മറ്റു ആഭ്യന്തര ടൂര്‍ണമെന്റുകളും മാറ്റിവെയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുകയാണ്. സികെ നായുഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് എന്നിവരാണ് മാറ്റിവെച്ചിരിക്കുന്ന മറ്റു ടൂര്‍ണമെന്റുകള്‍.

കഴിഞ്ഞ സീസണിലെ രഞ്ജി കോവിഡ് കാരണം ഉപേക്ഷിച്ചിരുന്നു. ഈ സീസണില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കെയാണ് എല്ലാം കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് വീണ്ടും കോവിഡ് തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.

ജനുവരി 5നായിരുന്നു രഞ്ജി ട്രോഫിയുടെ പുതിയ സീസണ്‍ ആരംഭിക്കാനിരുന്നത്. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു കേരളം ഉള്‍പ്പെടെയുള്ള ടീമുകള്‍.