ഐ.പി.എല്‍ നായകനില്‍ നിന്ന് ഇന്ത്യന്‍ യുവനിരയുടെ തലപ്പത്തേക്ക്, അത്ഭുതങ്ങള്‍ക്ക് സാക്ഷിയാകാന്‍ ശ്രീലങ്ക

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയില്‍ പര്യടനം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജൂലൈയില്‍ നടക്കുന്ന പര്യടനത്തില്‍ അഭ്യന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന യുവതാരങ്ങളെ അയക്കാനാണ് ബി.സി.സി.ഐ പദ്ധതിയിടുന്നത്.

ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, പൃഥ്വി ഷാ, ഇഷാന്‍ കിഷന്‍, ദേവ്ദത്ത് പടിക്കല്‍, യുസ്വേന്ദ്ര ചഹാല്‍, ടി.നടരാജന്‍, രാഹുല്‍ ചഹാര്‍, രാഹുല്‍ തേവാത്തിയ, ഹര്‍ഷല്‍ പട്ടേല്‍, ചേതന്‍ സാകരിയ, ദീപക് ചഹാര്‍, രവി ബിഷ്‌നോയ് തുടങ്ങിയ യുവതാരങ്ങളെയാണ് യുവനിരയില്‍ പ്രതീക്ഷിക്കുക. ഇതില്‍ നിന്ന് ആര് നായകനാകും എന്ന ചര്‍ച്ചയും തുടങ്ങി കഴിഞ്ഞു.

ശ്രേയസ് അയ്യരുടെയും സഞ്ജു സാംസണിന്റെയും പേരാണ് കൂടുതലും ഉയര്‍ന്നു കേള്‍ക്കുന്നത്. ഈ ഐ.പി.എല്‍ സീസണില്‍ നായകനായി സഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. ഇവിടെ ശ്രേയസ് അയ്യരിനാണ് മുന്‍തൂക്കമെങ്കിലും തോളിന് പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന താരം രണ്ട് മാസത്തിനുള്ളില്‍ ഫിറ്റായില്ലെങ്കില്‍ നായക ഉത്തരവാദിത്വം സഞ്ജുവിലേക്ക് തന്നെ എത്തുമെന്നാണ് സംസാരം.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇല്ലാത്ത ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പുറത്തുണ്ട് എന്നത് വിസ്മരിക്കാനാവില്ല.