പുതിയ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി: ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ പേസര്‍

മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയുടെ പുതിയ ചെയര്‍മാനാക്കിയേക്കും. ബിസിസിഐയിലെ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, സെലക്ഷന്‍ കമ്മറ്റിയിലേക്ക് അപേക്ഷിക്കുന്ന ഏറ്റവും പ്രഗത്ഭനായ ക്രിക്കറ്റ് കളിക്കാരനാണ് പ്രസാദ്. അതിനാല്‍ ഇദ്ദേഹത്തെ ഉടന്‍ തന്നെ പുതിയ ചെയര്‍മാനായി നിയമിച്ചേക്കാനാണ് സാദ്ധ്യത.

‘പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ അന്തിമരൂപം ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മറ്റിയിലേക്ക് അപേക്ഷിച്ചിട്ടുള്ള ഏറ്റവും പരിചയസമ്പന്നനായ ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് വെങ്കിടേഷ് പ്രസാദ്. ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും പുതിയ ചെയര്‍മാനായി എല്ലാവരില്‍ നിന്നും അദ്ദേഹത്തിന് വിശ്വാസവോട്ട് ലഭിക്കാന്‍ സാദ്ധ്യതയുണ്ട്’ ബിസിസിഐയുടെ ഉന്നത മേധാവികളോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

53 കാരനായ പ്രസാദ് ഇന്ത്യക്കായി 33 ടെസ്റ്റുകളും 161 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 290 അന്താരാഷ്ട്ര വിക്കറ്റുകള്‍ ഇദ്ദേഹത്തിന്റെ പേരിലുണ്ട്. പുതിയ കമ്മറ്റിയിലെ സെലക്ടര്‍മാരില്‍ ഒരാളായി ഒരു ടി20 സ്‌പെഷ്യലിസ്റ്റിനെയും ബിസിസിഐ അന്വേഷിക്കുന്നുണ്ട്.

മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ്മയ്ക്ക് രണ്ടാം അവസരം നല്‍കുന്നതിനെക്കുറിച്ച് ബിസിസിഐക്കും സിഎസിക്കും ഉറപ്പില്ല. അദ്ദേഹം സെലക്ഷന്‍ കമ്മിറ്റി ജോലിക്ക് വീണ്ടും അപേക്ഷിച്ചിട്ടുണ്ട്.