ഇന്ത്യന്‍ താരത്തിന് ബിസിസിഐയുടെ വിലക്ക്

മുംബൈ: ഇന്ത്യന്‍ താരം അമ്പാട്ടി റായിഡുവിന് തിരിച്ചടി. സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റില്‍ കളിക്കിടെ അപമര്യാദയായി പെരുമാറിയതിനാണ് ഹൈദരാബാദ് നായകന്‍ കൂടിയായ അമ്പാട്ടി റായിഡുവിനെ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മത്സരത്തിലേക്കാണ് അമ്പാട്ടി റായിഡുവിനെ വിലക്കിയിരിക്കുന്നത്.

ഇതോടെ വിജയ് ഹസാരോ ട്രോഫിയിലെ സര്‍വ്വീസിനെതിരെ നടക്കുന്ന ആദ്യ മത്സരവും ജാര്‍ഖണ്ഡിനെതിരായ മത്സരവും റായിഡുവിന് നഷ്ടമാകും. ഫെബ്രുവരി അഞ്ചിനും ആറിനുമാണ് മത്സരങ്ങള്‍.

കര്‍ണാടകയ്ക്കെതിരായ മത്സരത്തിനിടെയുണ്ടായ വാഗ് വാദമാണ് താരത്തിന് വിലക്ക് സമ്മാനിച്ചത്. ജനുവരി 11ന് നടന്ന മത്സരത്തില്‍ അമ്പയര്‍ക്ക് പറ്റിയ പിഴവിനെ തുടര്‍ന്ന് കര്‍ണാടകയുടെ സ്‌കോറില്‍ രണ്ട് റണ്‍സ് കൂട്ടിയതാണ് തര്‍ക്കത്തിന് കാരണമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടകക്ക് അമ്പയര്‍മാര്‍ ആദ്യം 203 റണ്‍സാണ് അനുവദിച്ച് നല്‍കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരബാദ് ഇന്നിംഗ്‌സും അവസാനിച്ചത് 203 റണ്‍സിലായിരുന്നു.

എന്നാല്‍ മത്സരത്തില്‍ ഒരു ബൗണ്ടറി തടുക്കുന്നതിനിടെ ഹൈദരാബാദ് താരം മെഹദി ഹസ്സന്‍ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന് വ്യക്തമാവുകയായിരുന്നു. ഇതില്‍ രണ്ട് റണ്‍സ് മാത്രമാണ് അമ്പയര്‍മാര്‍ അനുവദിച്ചിരുന്നത്. ഇത് ബൗണ്ടറിയാണെന്ന് ടി വി റിപ്ലേകളില്‍ തെളിഞ്ഞതോടെ അമ്പയര്‍മാര്‍ രണ്ട് റണ്‍സ് കൂടി കര്‍ണാടകയ്ക്ക് നല്‍കുകയും ആ രണ്ട് റണ്‍സിന് കര്‍ണാടക വിജയിക്കുകയും ചെയ്തു.

ഇതോടെ പ്രതിഷേധവുമായി ഹൈദരാബാദ് താരങ്ങള്‍ രംഗത്തെത്തുകകയായിരുന്നു. സൂപ്പര്‍ ഓവര്‍ വേണമെന്ന് ആവശ്യപ്പെട്ട് അമ്പാട്ടി റായുഡുവും മറ്റ് താരങ്ങളും ഗ്രൗണ്ടില്‍ നിന്നതോടെ അതിന് ശേഷം തുടങ്ങേണ്ട മത്സരം ആരംഭിക്കാന്‍ വൈകുകയും ചെയ്തു. ഇതാണ് അമ്പാടി റായിഡുവിന് വിനയായിരിക്കുന്നത്.

താരം കുറ്റം സമ്മതിച്ചെന്നും അതിനാല്‍ പ്രത്യേക ഹിയറിംഗ് വേണ്ടെന്നും ബി.സി.സി.ഐ പ്രസ്താവനയില്‍ പറയുന്നു.